മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഓർമയായി

Jul 21, 2025 - 11:55
 0  8
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഓർമയായി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഒരുമാസത്തോളമായി തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വി എസ് അച്യുതാനന്ദൻ. 

ഇന്ന് ഉച്ചയോടെയാണ് വിഎസിന്റെ നില ഗുരുതരമായത്.തിരുവനന്തപുരം എസ്‌യുടിയിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയായിരുന്നു. അച്ചുതാനന്ദന്റെ നില അതീവഗുരുതരമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിഎസിനെ കാണാന്‍ ആശുപത്രിയിലെത്തി. മെഡിക്കല്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തി.

ജൂൺ 23നാണ് ആരോഗ്യനില മോശമായതോടെ വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സമരം തന്നെയായിരുന്നു ജീവിതം. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി. 1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.

പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ അവിടെനിന്ന് കേരളത്തിന്റെ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായം തുടങ്ങുകയായിരുന്നു.

1964 ൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 പേരിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ.