എംഫില്‍ അംഗീകൃത ബിരുദമല്ലന്ന് യു.ജി.സി: പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണം

എംഫില്‍ അംഗീകൃത ബിരുദമല്ലന്ന്  യു.ജി.സി: പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണം

ന്യൂഡല്‍ഹി: എംഫില്‍ കോഴ്‌സുകള്‍ അംഗീകൃത ബിരുദമല്ലെന്ന് യുണിവേഴ്‌സിറ്റ് ഗ്രാന്റ് കമ്മിഷൻ. വിദ്യാര്‍ഥികള്‍ എംഫില്‍ കോഴ്‌സുകളില്‍ പ്രവേശനം നേടരുതെന്നും സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകള്‍ നടത്തരുതെന്നും യു.ജി.സി അറിയിച്ചു.

എംഫില്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ചില സര്‍വകലാശാലകള്‍ അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് യു.ജി.സിയുടെ മുന്നറിയിപ്പ്.

'ഏതാനും സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സിലേക്ക് പുതിയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതായി യു.ജി.സിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, എംഫില്‍ കോഴ്‌സ് അംഗീകൃത ബിരുദമല്ലെന്ന് യു.ജി.സി വ്യക്തമാക്കുകയാണ്. യു.ജി.സിയുടെ (മിനിമം സ്റ്റാൻഡേര്‍ഡ്‌സ് ആൻഡ് പ്രൊസീജേഴ്‌സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്‌ഡി) 2022 റെഗുലേഷൻ പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് പറയുന്നുണ്ട്. അതിനാല്‍ അഡ്മിഷൻ നിര്‍ത്താൻ സര്‍വകലാശാലകള്‍ അടിയന്തര നടപടി സ്വീകരിക്കണം'-യു.ജി.സിയുടെ സര്‍ക്കുലറില്‍ പറയുന്നു.

എംഫില്‍ കോഴ്‌സുകള്‍ നിര്‍ത്താൻ യു.ജി.സി നേരത്തെ തന്നെ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിലെ സര്‍വകലാശാലകളില്‍ എംഫില്‍ കോഴ്‌സുകള്‍ നിര്‍ത്താൻ 2021 ഡിസംബറില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിങ് ബോഡി തീരുമാനിച്ചിരുന്നു