ഉത്തരാഖണ്ഡ് തുരങ്കം തകര്‍ന്നുണ്ടായ അപകടം; തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍

ഉത്തരാഖണ്ഡ് തുരങ്കം തകര്‍ന്നുണ്ടായ അപകടം; തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞു. തുരങ്കത്തില്‍ 40 തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. 70 മണിക്കൂറിലേറെയായി തുടരുന്ന രക്ഷാപ്രവര്‍ത്തനം മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീണ്ടും തടസ്സപ്പെട്ടു. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ വലിയ കുഴല്‍ കടത്തിവിട്ട് തൊഴിലാളികളെ അതിലൂടെ പുറത്തെത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍, ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഈ ശ്രമം തടസ്സപ്പെടുകയായിരുന്നു.

അവശിഷ്ടങ്ങള്‍ക്കിടയിലൂടെ വലിയ കുഴല്‍ കടത്തിവിടാന്‍ ഡ്രില്ലിങ് മെഷീന്‍ സ്ഥാപിക്കാന്‍ പ്ലാറ്റ്ഫോം ഒരുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും, മണ്ണിടിച്ചിലിനെ തുടര്‍ന്ന് അതു തകര്‍ന്നു. പുതിയ പ്ലാറ്റ്ഫോം ഒരുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ബുധനാഴ്ചയോടെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് റൂഹേല മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അതേസമയം തൊഴിലാളികള്‍ക്ക് ഭക്ഷണവും ഓക്‌സിജനും എത്തിച്ചിട്ടുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയ പാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയില്‍ നിര്‍മിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗമാണ് ഞായറാഴ്ച തകര്‍ന്നത്.