25 കോടി വാഗ്ദാനം ചെയ്ത് ഏഴ് എ.എ.പി എം.എല്‍.എമാരെ ബി.ജെ.പി സമീപിച്ചു; കെജ്രിവാള്‍

25 കോടി വാഗ്ദാനം ചെയ്ത് ഏഴ് എ.എ.പി എം.എല്‍.എമാരെ ബി.ജെ.പി സമീപിച്ചു;    കെജ്രിവാള്‍

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഏഴ് എ.എ.പി എം.എല്‍.എമാരെ ബി.ജെ.പിയിലെത്തിക്കാൻ 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കെജ്രിവാള്‍ ആരോപിച്ചു.

മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മറുകണ്ടം ചാടിക്കാൻ ശ്രമമെന്നും അദ്ദേഹം വെളിപ്പെടുത്തി.

എക്‌സിലൂടെയാണ് കെജ്രിവാള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കെജ്രിവാളിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡല്‍ഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ മറിച്ചിടുമെന്നുമാണ് ബി.ജെ.പി നേതാക്കള്‍ എം.എല്‍.എമാരെ വിളിച്ച്‌ അറിയിച്ചത്. 21 എം.എല്‍.എമാരുമായി ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ളവരുമായും ചർച്ച നടക്കുമെന്നും അറിയിച്ചു. തുടർന്നായിരുന്നു 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പിയില്‍ ചേരാനും പാർട്ടി ടിക്കറ്റില്‍ മത്സരിക്കാനും ആവശ്യപ്പെട്ടതെന്നും എക്‌സ് പോസ്റ്റില്‍ കെജ്രിവാള്‍ ആരോപിച്ചു.

21 എം.എല്‍.എമാരെ ബന്ധപ്പെട്ടെന്നാണ് അവകാശപ്പെടുന്നതെങ്കിലും ഏഴുപേരെയാണ് വിളിച്ചിട്ടുള്ളതെന്ന് കെജ്രിവാള്‍ പറഞ്ഞു. എല്ലാവരും ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം നിരസിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

മദ്യനയക്കേസില്‍ ചോദ്യംചെയ്യാനല്ല തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും ഡല്‍ഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഞങ്ങളുടെ സർക്കാരിനെ മറിച്ചിടാൻ അവർ പല ഗൂഢാലോചനകളും നടത്തിയിട്ടുണ്ട്. എന്നാല്‍, ഒന്നും വിജയം കണ്ടില്ല. ദൈവത്തിന്റെയും ജനങ്ങളുടെയും പിന്തുണ എപ്പോഴും ഞങ്ങള്‍ക്കുണ്ട്. എല്ലാ എം.എല്‍.എമാരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.