ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി 35 മിനിറ്റുനേരം ഫോണിൽ സംസാരിച്ചു. പാകിസ്ഥാൻ അഭ്യർത്ഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് നരേന്ദ്ര മോദി ട്രംപിനോട് പറഞ്ഞു. ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും മോദി ട്രംപിനോട് വ്യക്തമാക്കി. സൈനിക നടപടി നിർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ട്, രണ്ട് സൈന്യങ്ങൾക്കിടയിലുള്ള നിലവിലുള്ള മാർഗങ്ങളിലൂടെയാണ് നടന്നത്, അതും പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരമായിരുന്നുവെന്നും പ്രധാനമന്ത്രി മോദി ട്രംപിനോട് പറഞ്ഞു.
പാകിസ്ഥാന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി