സിഡ്‌നി ഷോപ്പിംഗ് മാളില്‍ ആക്രമണം നടത്തിയ ആള്‍ മാനസികരോഗിയെന്ന് സംശയം

സിഡ്‌നി ഷോപ്പിംഗ് മാളില്‍ ആക്രമണം നടത്തിയ ആള്‍ മാനസികരോഗിയെന്ന് സംശയം

സിഡ്‌നി: സിഡ്‌നി ബോണ്ടി ജംഗ്‌ഷനിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിംഗ് മാളില്‍ ആറുപേരെ കുത്തികൊല്ലുകയും നിരവധിപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിയെ തിരിച്ചറിഞ്ഞു.

പോലീസ് വെടിവെച്ചു കീഴ്പ്പെടുത്തിയ പ്രതി ജോയല്‍ കൗച്ചെന്ന 40 കാരന് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി സംശയിക്കുന്നെന്ന് പോലീസ് വ്യക്തമാക്കി.

ഒരുമണിക്കൂറോളം മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ ഒടുവില്‍ വനിതാ പോലീസ് ഓഫീസറാണ് വെടിവെച്ച്‌ കീഴ്‌പ്പെടുത്തിയത്. അഞ്ച് സ്ത്രീകളും പുരുഷനുമാണ് ശനിയാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒമ്ബതുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒമ്ബതുപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റിരുന്നു. ആക്രമണത്തിന് പിന്നില്‍ ഒരാള്‍ മാത്രമേയുള്ളൂവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നാലെ മാളിലുണ്ടായിരുന്ന ആളുകളെയെല്ലാം പോലീസ് സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. മണിക്കൂറുകളോളം മാളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ളില്‍ അഭയംപ്രാപിച്ചവരെല്ലാം നിറകണ്ണുകളോടെയാണ് പുറത്തെത്തിയത്. നടുക്കുന്ന കാഴ്ചകള്‍ക്ക് സാക്ഷികളാകേണ്ടിവന്ന കുട്ടികളെയെല്ലാം മാതാപിതാക്കള്‍ മാറോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു,

ജെ.ഡി. സ്‌പോര്‍ട്‌സ് സ്‌റ്റോറിന്റെ മുന്നിലാണ് രണ്ട് യുവാക്കളുടെ മൃതദേഹങ്ങളുണ്ടായിരുന്നത്. മാളിലെ മറ്റിടങ്ങളില്‍ പരിക്കേറ്റവര്‍ ചോരയൊലിച്ച്‌ കിടക്കുന്നദൃശ്യങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.