സിദ്ധാർത്ഥന്റെ മരണവും ചില ചോദ്യങ്ങളും: എം.തങ്കച്ചൻ ജോസഫ്

സിദ്ധാർത്ഥന്റെ മരണവും ചില ചോദ്യങ്ങളും:   എം.തങ്കച്ചൻ ജോസഫ്
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിക്കുന്നില്ല, സംഭവത്തിന് ശേഷം അവിടെ പുതിയതായി വന്ന വൈസ്ചാൻസലർ  ഇതൊരു ആത്‍മഹത്യയായി സാഷ്യപ്പെടുത്തുന്നുവെങ്കിലും പോസ്റ്റ്‌മോർട്ടം രേഖകളും ഇപ്പോൾ വന്നിരിക്കുന്ന പുതിയ ചില വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ നോക്കിയാൽ ഇതൊരു അതിക്രൂരമായ കൊലപാതകം തന്നെയെന്ന്  പറയേണ്ടിവരും.
എന്തിന്റെ പേരിലായാലും ഒരു കോളേജിലും ഒരു വിദ്യാർഥിയോടും കാണിക്കുവാൻ പാടില്ലാത്ത അതിക്രൂരമായ ഒരു പ്രവർത്തി തന്നെയാണ് ഇതെന്ന് ആദ്യമേ പറയട്ടെ.
ഈ സംഭത്തിൽ അഞ്ച് എസ് എഫ് ഐ ക്കാർ ഉൾപ്പെട്ടിരിക്കുന്നതിനാലും തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാലും ഇവിടെത്തെ പ്രതിപക്ഷ കക്ഷികളും വാർത്താ  മാധ്യമങ്ങളും സിദ്ധാർത്ഥന്റെ മരണത്തിന് ഒരു രാഷ്ട്രീയകൊലപാതകത്തിന്റെ നിറം കൊടുക്കുവാനാണ് മത്സരിക്കുന്നത്.
അതിദാരുണമായൊരു സംഭവം നടക്കുമ്പോൾ അതിന്റെ രാഷ്ട്രീയ മാനങ്ങളോ,സാഹചര്യങ്ങളോ അല്ല നമ്മൾ തേടേണ്ടത്. ആ സംഭവം നടക്കുവാനുണ്ടായ സാഹചര്യം, അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾ, (അവർ ഏതു രാഷ്ട്രീയത്തിലും ഉള്ളവർ ആകട്ടെ) അവരുടെ പങ്കാളിത്തംഎത്രത്തോളമെന്നും അതിന്റെ അടിസ്ഥാനത്തിൽ അവരെ പൊതുസമൂഹത്തിൽ നിന്നും മാറ്റിനിർത്തി മാതൃകാപരമായി ശിക്ഷിക്കുവാനുള്ള സാഹചര്യം ഒരുക്കുകയാണ് ഏതൊരു രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും വാർത്താമാധ്യമങ്ങളും ചെയ്യേണ്ടത്. സ്വന്തം കക്ഷികൾ ആണെങ്കിൽപ്പോലും അതിന് മുൻകൈ എടുക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ഇടയാക്കും. ഇത്തരമൊരു സമീപനം തന്നെയാണ് സിദ്ധാർത്ഥന്റെ മരണത്തിലും ഭരണകക്ഷി തലവൻ കൂടിയായ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. ഈ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുവാനും സത്യം അറിയുവാനും ഒരു സ്വതത്ര ഏജൻസിയായ സി ബി ഐ  അന്വേഷണത്തിന് ഉത്തരവിട്ടതുവഴി നമുക്ക് പ്രത്യാശ നൽകുന്നുണ്ട്.
ഈ സംഭവത്തിൽ അഞ്ചു എസ് എഫ് ഐക്കാർ ഉൾപ്പെട്ടത് കൊണ്ട് ഇത് ആ വിദ്യാർത്ഥി സംഘടന ചെയ്തത് എന്നു വരുത്തിത്തീർക്കുവാനുള്ള ശ്രമങ്ങളെ ഈ സന്ദർഭങ്ങളിൽ എന്തിനെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.
ഈ സംഭവത്തെ ചുറ്റിപ്പറ്റി ഇപ്പോൾ വന്നിരിക്കുന്ന പുതിയ വിവാദം, സിദ്ധാർത്ഥന്റെ സഹപാഠിയായിരുന്ന ഒരു പെൺകുട്ടിയുമായിട്ടുള്ളതാണ്. ഈ പെൺകുട്ടി അവളുടെ ആൺസുഹൃത്തുക്കൾക്ക് നൽകിയ ക്വട്ടേഷനാണ് സിദ്ധാർത്ഥന്റെ മരണത്തിൽ കലാശിച്ചത് എന്നാണ് പുതിയ വിവാദം. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ പരിശോധന നടത്തിയാൽ, ഈ പെൺകുട്ടിയെ ബാധിക്കുന്ന എന്തോ ഒന്ന് സിദ്ധാർത്ഥന് അറിയുമായിരുന്നിരിക്കണം.
അത് ഒരുകാരണവശാലും പുറത്തേക്ക് ലീക്ക് ആവാതിരിക്കുവാൻ വീട്ടിലേക്ക് വന്നുകൊണ്ടിരുന്ന അവനെ കോളേജിലേക്ക് തിരികെവിളിച്ചുവരുത്തി നിശബ്ധനാക്കി എന്നതും ഒരു സാധ്യത അല്ലേ?.
ഏതായാലും സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ച് നിരവധി ആരോപണങ്ങളും പഴിചാരലുകളും ആ വിദ്യാർത്ഥിസംഘടനക്ക് ഏൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഒരു സ്വതന്ത്ര ഏജൻസി സത്യം കണ്ടുപിടിക്കേണ്ടത് അനിവാര്യമാണ്. കൂടെ ഒരു കാര്യംകൂടി ഓർമ്മപ്പെടുത്തട്ടെ, സിദ്ധാർത്ഥന്റെ മരണത്തിൽ രാഷ്ട്രീയത്തിന്റെ കറുത്ത കൈകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിവേകബുദ്ധിയും ഗൗരവചിന്തകളും മുളയിടുന്ന കോളേജ് കാമ്പസുകളിൽ ഇനിയും രാഷ്ട്രീയം  വിളമ്പിക്കൊടുത്തു കുട്ടികളെ തമ്മിലടിപ്പിക്കുകയും അവരുടെ മാതാപിതാക്കളുടെ കണ്ണുകൾ തോരാമിഴികൾ ആക്കുകയും വേണമോ എന്ന് ചിന്തിക്കുകയെന്ന് സമീപകാലസംഭവങ്ങൾ നമ്മോട് പറയുന്നുണ്ട്. കോളേജുകൾ വിദ്യാർത്ഥികളുടെ മരണക്കളമല്ല,മറിച്ച്,നല്ല നല്ല വ്യക്തിത്വങ്ങളാണ് അവിടെ നിന്നും പുറത്തേക്ക് വരേണ്ടത്. അതിനാൽ അവർ കാമ്പസുകളിൽ പഠനം പൂർത്തിയാക്കട്ടെ.
,