തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യ; പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെൻഷൻ

തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യ; പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവല്ലത്ത് ഭര്‍തൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ സഹായിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു.

പ്രതികളെ സഹായിച്ചെന്ന ആരോപണത്തിന് വിധേയനായ സിപിഒ നവാസിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് പ്രതികളുടെ ബന്ധു കൂടിയായ നവാസ്. 2020ല്‍ ആണ് നൗഫലും ഷഹനയും വിവാഹിതരായത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ഷഹനയുടെ കുടുംബത്തിന്റെ സാമ്ബത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നിരന്തരം പരിഹസിക്കുമായിരുന്നുവെന്ന് ഷഹനയുടെ ബന്ധുക്കള്‍ പറയുന്നു.

പരിഹാസം പിന്നീട് പീഡനമായി മാറി. ഷഹനയ്ക്കെതിരെയുള്ള പീഡനം നൗഫല്‍ തടഞ്ഞില്ലെന്നും ഷഹനയുടെ കുടുംബം ആരോപിക്കുന്നു. നൗഫലിൻറെ ചികിത്സക്കായി പോയ സമയത്ത് ഷഹനയെ ആശുപത്രിയില്‍ വെച്ച്‌ നൗഫലിന്റെ മാതാവ് മര്‍ദ്ദിച്ചതായും കുടുംബം ആരോപിക്കുന്നു.

ഇതേ തുടര്‍ന്ന് ഷഹന സ്വന്തം വീട്ടിലേക്ക് മാറി. ഇതിനിടെ, അനുജൻറെ മകൻറെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാൻ ഷഹനയെ കൂട്ടിക്കൊണ്ടുപോകാൻ ഭര്‍ത്താവ് നൗഫല്‍ എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാല്‍ ഷഹന പോകാൻ തയ്യാറായില്ല.

ഇതോടെ ഭര്‍ത്താവ് കുഞ്ഞിനെയുമെടുത്ത് പോയി. ഇതിന് പിന്നാലെ ഷഹന മുറിയില്‍ കയറി വാതിലടച്ചു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് വരാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.