സലിം കുമാറിന് എറണാകുളത്ത് സ്മാരകം; ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി
തിരുവനന്തപുരം: അന്തരിച്ച നടൻ സലിം കുമാറിന് സ്മാരകം പണിയാൻ ബജറ്റിൽ 1 കോടി രൂപ നീക്കി വെച്ച് മുഖ്യമന്ത്രി വിഡി സതീശന്റെ ആദ്യ ബജറ്റ് . എറണാകുളത്താണ് സ്മാരകം നിർമിക്കുക.
അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ സാംസ്‌കാരിക നഗരമായ തൃശ്ശൂരിൽ ' ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി ' സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പുതിയ തലമുറയ്ക്ക് മികച്ച സംഗീത വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിടുന്ന പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
സിനിമാ മേഖലയെ കാര്യമായി പരിഗണിക്കുന്ന ബജറ്റാണ് വിഡി സതീശൻ അവതരിപ്പിച്ചത്. ജെസി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനമാണ്. മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയേലിന്റെ സ്മരണാർത്ഥം കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര ഫിലിം സിറ്റി നിർമ്മിക്കും. ഈ പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്.
എം ടി വാസുദേവൻ നായർ കൾച്ചറൽ പാർക്ക് ആണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. കോഴിക്കോട് നഗരത്തിലാണ് പുതിയ സ്മാരക കൾച്ചറൽ പാർക്ക് സ്ഥാപിക്കുക. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കാനുള്ള പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. കെഎസ്ആർടിസി ബസ്സുകളിലെ പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി. മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും. നിലവിൽ കേരളത്തിലെ പാലുൽപാദനം 75,000 ലിറ്ററാണ്. കേരളത്തിന് പ്രതിദിനം 85,000 ലിറ്റർ പാൽ ആവശ്യമുണ്ട്. ബാക്കി ആവശ്യമുള്ള പാലിനു വേണ്ടി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്.
ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ആരോഗ്യ മേഖലയ്ക്കായി 2076 കോടി വകയിരുത്തി. സ്വകാര്യ മേഖലയിലെ ചികിത്സാച്ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കാസര്‍കോട്, വയനാട്, മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കേളജുകളിലെ സൗകര്യം മെച്ചപ്പെടുത്തും. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് പ്രവര്‍ത്തന ക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇതിനായി 100 കോടി വകയിരുത്തി.