ജപ്പാനിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

ജപ്പാനിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

ടോക്കിയോ: ജപ്പാനിലെ സ്വകാര്യ കമ്ബനി നിർമിച്ച റോക്കറ്റ് ബുധനാഴ്ച വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു.

ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്പേസ് വണ്‍ കമ്ബനിയുടെ ഉപഗ്രഹം വഹിച്ചുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ജപ്പാനിലെ സ്വകാര്യ മേഖലയിലെ ആദ്യ റോക്കറ്റായിരുന്നു ഇത്.

https://twitter.com/i/status/1767737754287554751

പടിഞ്ഞാറൻ ജപ്പാനിലെ വകയാമയിലെ വിക്ഷേപണത്തറയില്‍നിന്നാണ് റോക്കറ്റ് പറന്നുയർന്നത്. ആകാശത്തിലേക്ക് ഉയർന്ന് സെക്കൻഡുകള്‍ക്കകം ഇത് പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് സ്പേസ് വണ്‍ കമ്ബനി അധികൃതർ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 51 മിനിറ്റിനുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍.

കാനൻ ഇലക്‌ട്രോണിക്സ്, ഐ.എച്ച്‌.ഐ എയ്റോസ്പേസ്, കണ്‍സ്ട്രക്ഷൻ സ്ഥാപനമായ ഷിമിസു, സർക്കാർ ഉടമസ്ഥതയിലുള്ള ഡെലവലപ്മെന്റ് ബാങ്ക് ഓഫ് ജപ്പാൻ എന്നിവയുള്‍പ്പെടയുള്ള കമ്ബനികള്‍ ചേർന്നാണ് 2018ല്‍ സ്പേസ് വണ്‍ സ്ഥാപിക്കുന്നത്.

സാറ്റലൈറ്റ് വിക്ഷേപണ വിപണിയില്‍ പ്രവേശിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് റോക്കറ്റിന്റെ പൊട്ടിത്തെറി. നിലവിലുള്ള ചാര ഉപഗ്രഹങ്ങള്‍ തകരാറിലാകുമ്ബോള്‍ താല്‍ക്കാലികവും ചെറുതുമായ ഉപഗ്രഹങ്ങള്‍ വേഗത്തില്‍ വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ജപ്പാൻ.