മലേഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാർ വിസ എടുത്തേ പറ്റൂ, ഫ്രീ എൻട്രി അവസാനിക്കുന്നു

Nov 19, 2026 - 14:17
 0  3
മലേഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാർ  വിസ എടുത്തേ പറ്റൂ, ഫ്രീ എൻട്രി അവസാനിക്കുന്നു

ക്വാലാലംപുർ: ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള ഫ്രീ വിസ പിൻവലിക്കാൻ മലേഷ്യ. ഇന്ത്യൻ പൗരന്മാർക്ക് മലേഷ്യ നൽകിവരുന്ന വിസ രഹിത പ്രവേശന സൗകര്യം 2027 ജനുവരി 1 മുതൽ അവസാനിപ്പിക്കുകയാണെന്ന് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. നിലവിൽ മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തെ വിസ ഇളവ് ലഭിച്ചിരുന്നു.

യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് 'മലേഷ്യ ഡിജിറ്റൽ അറൈവൽ കാർഡ്' രജിസ്റ്റർ ചെയ്ത് രാജ്യത്തെവിടെയും സന്ദർശനം നടത്താമായിരുന്നു. 2023 ഡിസംബർ 1-നാണ് ഈ വിസ ഇളവ് ഏർപ്പെടുത്തിയത്. പിന്നീട് ഇത് 2026 അവസാനം വരെ നീട്ടുകയും ചെയ്തു. എന്നാൽ പുതുക്കിയ നിയമ പ്രകാരം ജനുവരി ഒന്നു മുതൽ ഇന്ത്യക്കാർക്ക് വിസ നിർബന്ധമാക്കുന്നതിനാൽ ഈ ഇളവ് അവസാനിക്കും. അതിനാൽ ഈ തീയതി മുതൽ മലേഷ്യയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ പൗരന്മാർ യാത്രയ്ക്ക് മുമ്പായി വിസ നേടേണ്ടതുണ്ട്.

പുതിയ വിസാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പൗരന്മാർ നിർബന്ധമായും വിസ എടുത്തിരിക്കണം. 2026 ഡിസംബർ 1 മുതൽ 'MyVISA' (മൈവിസ) എന്ന പോർട്ടൽ വഴി വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. മലേഷ്യൻ സർക്കാരിന്റെ നിർദേശങ്ങൾക്കനുസൃതമായി, പ്രവേശന നിബന്ധനകളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താനുള്ള അവകാശം മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പിനുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

അപേക്ഷകൾ റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ, പുതുക്കിയ വിസ അപേക്ഷാ ഫോം ഉപയോഗിച്ച് വീണ്ടും അപേക്ഷ സമർപ്പിക്കണം. എന്നാൽ അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിസ പ്രോസസ്സിംഗ് ഫീസ് തിരികെ ലഭിക്കില്ലെന്ന് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു.

മലേഷ്യയിൽ താമസിക്കുന്ന മുഴുവൻ കാലയളവിലേക്കും ആവശ്യമായ 'ട്രാവൽ മെഡിക്കൽ ഇൻഷുറൻസ്' (യാത്രാ ആരോഗ്യ ഇൻഷുറൻസ്) എടുക്കണമെന്നും സന്ദർശകരോട് നിർദേശിച്ചിട്ടുണ്ട്. മലേഷ്യൻ വിസ അപേക്ഷകൾക്കൊപ്പം സമർപ്പിക്കാവുന്ന ഒരു രേഖയായി 'MyTripPass' എന്ന പ്ലാറ്റ്ഫോമും അധികൃതർ നിർദേശിക്കുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസും അടിയന്തര സഹായങ്ങളും നൽകുന്ന ഒരു യാത്രാ പ്ലാറ്റ്ഫോമാണിത്. മലേഷ്യയിൽ താമസക്കാരല്ലാത്തവർക്ക് ചികിത്സയ്ക്കും അനുബന്ധ ആരോഗ്യ സേവനങ്ങൾക്കും പണം നൽകേണ്ടി വരും, ഇതിനുവരുന്ന എല്ലാ ചെലവുകളും അവർ തന്നെ വഹിക്കേണ്ടതാണ്.

തൊഴിൽ തേടുന്നതിനായി മലേഷ്യയുടെ 30 ദിവസത്തെ വിസ രഹിത പ്രവേശന സൗകര്യം ഉപയോഗിക്കരുതെന്ന് സെപ്റ്റംബറിൽ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു