രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ ആയിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചു, ഡിജിപി ഓഫിസ് മാര്‍ച്ചിലെ അക്രമം എന്നീ കേസുകളില്‍ കോടതി രാഹുലിനു ജാമ്യം നല്‍കി. പ്രോസിക്യൂഷന്റെ എതിര്‍പ്പു തള്ളിയാണ് കോടതി നടപടി. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുല്‍ ജയില്‍ മോചിതനാവുന്നത്.

കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത, സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ കേസില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തിങ്കളാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്ബാകെ ഹാജരാവണം എന്നതാണ് മുഖ്യ ജാമ്യ വ്യവസ്ഥ. അന്‍പതിനായിരം രൂപയുടെ ആള്‍ജാമ്യത്തിലാണ് രാഹുലിനു പുറത്തിറങ്ങാനാവുക. ഡിജിപി ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ സിജെഎം കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തെ രണ്ടു കേസുകളില്‍ രാഹുലിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.