രാവിലെ തന്നെ കാപ്പിക്കപ്പുമായി വാട്ട്സാപ്പുമായി ഇരിക്കുക എന്നത് പലതരമായ അലൂമിനി ഗ്രൂപ്പുകൾ തുടങ്ങിയതിൽപ്പിന്നെ ഒരു സ്ഥിരം ഏർപ്പാടായിരുന്നു.
പൂർവ്വകാലത്തിലെ വിദ്യാലയസൗഹൃദങ്ങൾ കാലത്തിനൊപ്പം ഒരുമിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പുകളൊന്നിൽ ഞാനും പെട്ടു പോയിട്ട് കുറച്ച് നാളുകളായിരുന്നു.എന്തൊക്കെപ്പറഞ്ഞാലും കൂടെപ്പഠിച്ച കൂട്ടുകാർ അതും ഒന്നാം ക്ലാസ്സ് മുതലുള്ളവർ പലരും ഗ്രൂപ്പിലുണ്ടായിരുന്നു.ബേക്കർ കോട്ടയം,വർക്കല സ്‌കൂൾ,കോട്ടൺഹിൽ തിരുവനന്ദപുരം ഹൈസ്‌കൂൾ, ആൾസെയിന്റ്‌സ് കോളേജ്,സി എം എസ്സ് കോളേജ്,പിന്നെ കോട്ടയത്തെ നൈനാൻസ്!
പോസ്റ്റ് ഗ്രാജുവേഷൻ എന്നത് ഒരു വലിയ സ്വപ്‌നം ആയിരുന്നു.പറഞ്ഞറിയിക്കാൻ മേലാത്തൊരു ആഗ്രഹം. പക്ഷെ അതിലേക്ക് നടന്നടുത്തപ്പോൾ കൂടെയുണ്ടാകും എന്ന് കരുതിയവർ അകന്നകന്നു പോയിരുന്നു പലകാരണങ്ങളാൽ!കണ്ടു വന്നിരുന്ന സ്വപ്‌നങ്ങൾ കരിഞ്ഞെരിഞ്ഞില്ലാതെയായിത്തീരും എന്ന് ഏതാണ്ട് തീർച്ചയായി.എന്നിട്ടും മനസ്സിൽ സ്വപ്‌നം മായാതെ കിടന്നു.
ഒരു കോളേജ് അദ്ധ്യാപികയാവുക.
ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയായിത്തീരുക എന്ന സ്വപ്‌നം എന്റെത് മാത്രമല്ലായിരുന്നു,എന്റെ അമ്മയുടേതും കൂടിയായിരുന്നു.ബാല്യകൗമാരങ്ങളിൽ സംസാരങ്ങൾ മനസ്സിലായിത്തുടങ്ങിയ കാലം മുതൽ അദ്ധ്യാപികയായ അമ്മയോടൊപ്പമുള്ള യാത്രയിൽ അമ്മ സ്‌കൂളിലെ വിശേഷം പറയുമായിരുന്നു.അമ്മയുടെ കൈ പിടിച്ച് ബസ് സ്റ്റോപ്പിലെക്കുള്ള യാത്രകൾ എന്നും നിരവധിയായ വിശേഷങ്ങൾ ഇടതടവില്ലാതെ പങ്കുവയ്ക്കാനുള്ളതായിരുന്നു.
ചിലപ്പോൾ അമ്മ മുന്നമേ പറയും....സപ്ന,ഇന്നാകെ ക്ഷീണം,കഥപറയാൻ പറയരുത്,അമ്മക്ക് നേരത്തെ ഉറങ്ങണം...!
ആ അതുപറ്റില്ല,ഒരു കുഞ്ഞു കഥ,കുരങ്ങുകൾ മാങ്ങാ കട്ടുപറിച്ചിട്ടോടിയത്,അതുമാത്രം മതി അമ്മെ!
അമ്മക്കെന്താ ക്ഷീണം,എന്റെ ടീച്ചറാണേ എപ്പോഴും നല്ല ചിരിയും,വർത്തമാനവും ആന്നല്ലൊ?’ഞാൻ പറഞ്ഞു നടന്നു മുന്നൊട്ട്, അമ്മയുടെ കൈവിട്ട്!
‘മോളേ വേണ്ട,നിക്കവിടെ,അമ്മയുടേ കൂടെ നടക്ക്’……………….
‘കഥപറയുമോ,എന്നാ നിൽക്കാം’
ആ നടത്തങ്ങളെല്ലാം രാവിലെ സ്‌കൂളിലേക്കും,തിരിച്ച് അമ്മക്കൊപ്പം ബസിൽ കയറി,അല്ലെങ്കിൽ ഓട്ടൊറിക്ഷയിൽ കഞ്ഞിക്കുഴിയിൽ ഇറങ്ങി,ബെസ്റ്റ് ബേക്കറിയിൽ നിന്ന് പഫ്‌സും വാങ്ങി,രാത്രിയിൽ കറിവെക്കാനുള്ള ചിക്കനും വാങ്ങി വീണ്ടും നടക്കും,ഇന്ദിരാനഗറിലെ ഞങ്ങളുടെ വീട്ടിലേക്ക്.ഇടമുറിയാതെ അമ്മയുടെ സ്‌കൂളിലെ വിശേഷങ്ങൾ പങ്കുവച്ച്!അന്ന് ആരൊക്കെ താമസിച്ചു വന്നു,ജനലിൽ കൂടെ ആരൊക്കെ ചാടിപ്പോയി ഇതൊക്കെയായിരിക്കും കഥകൾ.എങ്കിലും അമ്മ പറയും,
'ഈ പിള്ളാർക്കൊന്നും പഠിക്കണം എന്നില്ലന്നേ!ഒരു നേരത്തെ ഉച്ചക്കഞ്ഞി അത് കുടിക്കാൻ മാത്രം നിൽക്കുന്നതാ!പാവപ്പെട്ട പിള്ളാരല്ലേ എല്ലാം,എത്രപറഞ്ഞാലും പഠിക്കില്ല!
‘നീ അങ്ങനെ ഒന്നും ആകരുത്,അമ്മക്ക് നീ ഒരു കോളേജിൽ പഠിപ്പിക്കുന്ന ടീച്ചർ ആവണം.അതിന് നീ ഇംഗ്ലീഷ് എടുത്തു പഠിക്കണം.സപ്‌നാ, നീ കേൾക്കുന്നുണ്ടോ?’
‘ആ അമ്മെ,കേട്ടെന്നെ!ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി’,അവിടെ അമ്മയുടെ കണ്ണിൽ രണ്ടു മുത്തുമണികളുടെ തിളക്കം ഉണ്ടായിരുന്നു.
‘എന്തിനാ ഇംഗ്ലീഷ്?അമ്മ ഇൻഡ്യയുടെ പടം ഒക്കെ വെച്ചല്ലെ പഠിപ്പിക്കുന്നത്.എനിക്കും അമ്മെപ്പോലെ പഠിപ്പിക്കണം അമ്മെ…’അവിടെ നിൽക്കുന്ന നിൽപ്പിൽ ഞാൻ നിന്നു തുള്ളി,അത്രയും നന്നായി ഓർക്കുന്നു!
‘ശ്ശോ ശ്ശോ സപ്‌ന.ആരെങ്കിലും കാണും,അമ്മ പറയട്ടെ,നീ നടക്ക്’.അമ്മ കൈ കൊണ്ട് വട്ടംപിടിച്ച്, കോട്ടയം ക്ലബിന്റെ കയറ്റം നടന്നു കയറി.''
‘ഇപ്പൊ നീ കൊച്ചുക്ലാസ്സിൽ ആയതുകൊണ്ടാ എന്റെ മോൾക്ക് അങ്ങനെ തോന്നുന്നത്.അമ്മ പഠിപ്പിക്കുന്നതിലും വലിയതൊക്കെ പഠിപ്പിക്കണം’.അത് പറഞ്ഞ് അമ്മ ദൂരെയെവിടെക്കോ നോക്കി.ആ നടത്തം റേഷൻ കടയുടെ മുന്നിലെത്തി.പ്രൈമറി മുട്ടമ്പലം സ്‌കൂൾ കഴിഞ്ഞാലുടനെ ഒരു വായനശാല,അതുകഴിഞ്ഞാൽ കുഞ്ഞൂഞ്ഞിന്റെ മാടക്കട.അവിടെ കണ്ണാടിക്കുപ്പിയിലിരിക്കുന്ന മലരുമുട്ടായിയും,ഗ്യാസുമുട്ടായിയും,നാരങ്ങാമുട്ടായിയും നോക്കി നോക്കി നടക്കും,എന്നാലും അമ്മ കണ്ണുകാണിക്കും,നേരെനോക്കി നടക്കാൻ.തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നടക്കും.
ചിലപ്പോഴെങ്കിലും പഴം,ഏത്തക്ക ഉള്ള ദിവസം,കുഞ്ഞൂഞ്ഞ് നീട്ടി വിളിക്കും,റ്റീച്ചറെ………..അന്നു മാത്രം ഒരു നാരങ്ങാമുട്ടായി അമ്മ വാങ്ങിത്തരും.അങ്ങനെയുള്ള ഒരു വിളിയിൽ ഒരു ദിവസം കുഞ്ഞൂഞ്ഞെടുത്തു നീട്ടിയ മലരുണ്ട വാങ്ങിക്കടിച്ചു തുടങ്ങി.പഴം ഏതാന്ന് നോക്കുന്നതിനിടയിൽ അമ്മ കണ്ടില്ല,ഞാൻ മലരുണ്ട കുഞ്ഞൂഞ്ഞിന്റെ കയ്യിൽ നിന്ന് വാങ്ങിയത്!അന്ന് രാത്രി വയറുവേദനയെടുത്ത് പുളഞ്ഞു.അമ്മ പാവം രാത്രി മുഴുവൻ വയറും തിരുമ്മി,ഇഞ്ചി നീരും കുടിപ്പിച്ച് ഇരുന്നു.അതിനുശേഷം പാവം കുഞ്ഞൂഞ്ഞ്,അമ്മ ദൂരെന്നു വരുന്ന കാണുമ്പോഴേ മലരുണ്ടക്കുപ്പി ഞാൻ കാണാതിരിക്കാൻ അതിനു മുകളിൽ തോളേന്ന് തോർത്തു മുണ്ടെടുത്തിടും!വീണ്ടും ഏത്തക്കയുടെ പൊതിയും കയ്യിൽപ്പിടിച്ച് ഞാൻ നടന്നു,അമ്മ കൂടെയെത്തി,വീണ്ടും കയ്യിൽ പിടിച്ചു നടന്നു.
‘ആ,അപ്പൊ അമ്മ പറഞ്ഞത്,……കോളേജിൽ ഒക്കെ പഠിക്കുമ്പോ ഇംഗ്ലീഷ് എടുത്തു പഠിക്കണം,എന്നിട്ടുവേണം ഒരു നല്ല കോളേജ് ലെക്ച്ചർ ആകാൻ,എന്റെ മോൾ’.
മനസ്സിലായി എന്ന രീതിയിൽ തലയും ആട്ടി ഞാൻ വീണ്ടും നടന്നു അമ്മക്ക് മുന്നേ,രണ്ട് ചുവട് മുമ്പിലായി.
ഏതാണ്ട് കൈലാസം വീടിന്നു മുന്നിലൂടെ താഴേക്കുള്ള ചെറിയ ഇറക്കത്തിൽ ഞാനൊന്ന് ഓടിച്ചാടി, ‘സ്വപ്‌നമോളെ,പതുക്കെ,വേണ്ട,ഓടെണ്ടാ!’അതും കഴിഞ്ഞാലുടൻ ഇന്ദിരാനഗറിലേക്കുള്ള ഇടത്തോട്ടുള്ള തിരിയലും,ഒരു ചെറിയ കയറ്റവും ഉണ്ട്.അവിടെ നിന്ന് കൊണ്ട് ഞാൻ വിളിച്ചു,അമ്മേ,എളുപ്പം വാ… എന്താ അമ്മക്കിത്ര താമസം’.നേരെ താഴേക്കുള്ള കുത്തനിറക്കത്തിൽ താമസിക്കുന്ന പാൽക്കാരൻ കുട്ടച്ചൻ,കയ്യിലും കക്ഷത്തിൽ തൂക്കിയിട്ട ബാഗിലും നിറഞ്ഞ പാൽക്കുപ്പികളുമായി നടന്നു കയറി എത്തി. ‘ആഹാ, മോളേത്തിയോ സ്‌കൂളിന്ന്,അമ്മയെന്തിയെ?’നാട്ടിലുള്ള വീടുകളിലേല്ലാം പാലെത്തിക്കുന്ന ആത്‌മാർത്ഥ പാലുകാരൻ!പിന്നീടേതോ കാലത്താണ് ഞാൻ മനസ്സിലാക്കിയത്,ആത്‌മാർത്ഥത പാലിൽ മാത്രമില്ലായിരുന്നു,എന്നാൽ പാൽക്കുപ്പിക്കൊപ്പം എത്തുന്ന അയൽ വീട്ടിലെ വിശേഷങ്ങളോടായിരുന്നു കൂടുതൽ സ്നേഹം എന്ന്! അതിനൊപ്പം നല്ലൊരു തയ്യൽക്കാരൻ കൂടിയായ കുട്ടച്ചൻ,സ്‌ത്രീകളുടെ ‘ഫേവറേറ്റ്’ ആയിരുന്നു!
ആ വിശേഷം പറച്ചിലിനൊപ്പം,അമ്മയുടെയും കുട്ടച്ചന്റെ ഇടക്ക്,രണ്ടുപേരുടെയും വിശേഷങ്ങൾ കേട്ട് ഞാൻ ഇന്ദിരാനഗർ താഴേക്കിറങ്ങി വയലിന്റെ സൈഡിലൂടെ വലത്തേക്ക് കയറി,രണ്ടാമത്തെ വീട്ടിലെത്തി.ഗേറ്റ് പണിതുകോണ്ടിരിക്കുന്ന ഞങ്ങളുടെ മതിൽ ഇല്ലാത്ത വീട്ടിന്റെ വാതിൽക്കൽ കളിച്ചുകൊണ്ടിരിക്കുന്ന എന്റെ അനിയൻ.കൂടെ ഞങ്ങളുടെ ‘എവർ ലാസ്റ്റിംഗ് ഫെയിത്ത്ഫുൾ’ ജോലിക്കാരി അമ്മിണീ! മുറുക്കാൻ പൊതിയുമായി ചാടിച്ചടഞ്ഞ് എഴുനേറ്റു, ‘എന്താ കൊച്ചമ്മ ഇന്ന് താമസിച്ചെ?’
‘ആ ഏത്തക്കയും പഫ്‌സും വാങ്ങിച്ചു,അമ്മിണി.രാവിലെ പുഴുങ്ങാം പുട്ടിന്റെ കൂടെ.ഇപ്പൊ എനിക്കൊരു ചായയെടുക്ക്’.അനിയനെ വാരിയെടുത്തു കൊണ്ട് അമ്മ അകത്തേക്ക് നടന്നു.
പഫ്‌സ് എടുത്ത് അമ്മയുടെ അടുത്ത് പോയിരുന്നു.‘ആ പിന്നെ ഇംഗ്ലീഷ് പറഞ്ഞില്ലല്ലോ അമ്മെ, എന്നീട്ട്?’
‘ആ അതു പിന്നെപ്പറയാം ആ കഥ മോളെ’.അമ്മ അനിയനെയും മടിയിൽ വെച്ചുകൊണ്ട് പാട്ടുപോലെ പാടി. അതെപ്പോഴും അങ്ങനെയാ,അവനെക്കണ്ടുകഴിഞ്ഞാൽ അമ്മക്ക് പിന്നെ എല്ലാം അവനായിരുന്നു.
‘ങു’ എന്ന മൂളലോടെ ഞാൻ വീണ്ടും പഫ്‌സ് തിന്നുകൊണ്ട് അമ്മയെ നോക്കിയിരുന്നു.
‘അമ്മിണി,സപ്‌നമോളെ കുളിപ്പിച്ച് ഉടുപ്പ് മാറ്റിയേരെ.രാത്രിലേത്തേക്ക് കൂട്ടാൻ അരിഞ്ഞു വെക്ക്, ബാബുച്ചായൻ ഇപ്പൊ വരുമായിരിക്കും’.അമ്മയുടെ നീട്ടിയുള്ള വിളിയിൽ അമ്മിണി എന്നെയും കൊണ്ട്, കുളിമുറിയിലേക്ക്. കുളികഴിഞ്ഞു ഉടുപ്പുമാറി.അമ്മയുടെ കുട്ടിക്കുറ പൌഡറിടാനായി അമ്മയുടെ മുറിയിലേക്ക് എന്നെയും കൊണ്ടെത്തിയ അമ്മിണി ‘എല്ലാം അരിഞ്ഞു,ബീഫും വെള്ളത്തിൽ ഇട്ടിട്ടുണ്ട്,ഇനി കൊച്ചമ്മ ചേർത്തുവെച്ചാൽ മതി’.
‘ബാ,മോളെ പൌഡറിട്ടു തരാം.എന്നിട്ടെന്റെ മോൾ ബുക്കെടുത്തു വായിച്ചേ!ഇന്ന് പദ്യം എന്തോ പഠിപ്പിച്ചില്ലേ.. നീ പറഞ്ഞല്ലൊ!’
‘ആ അമ്മെ, ‘ചെറുശ്ശേരിയുടെ’
‘ഇംഗ്ലീഷിൽ ഒന്നും പഠിപ്പിച്ചില്ലേ?’അമ്മ വീണ്ടും എടുത്തു ചോദിച്ചു.‘ഇന്നൊരു കഥ പഠിപ്പിച്ചു.അത്രേയുള്ളു അമ്മേ’
ബാങ്ക് മാനേജർ ആയിരുന്ന ഡാഡിയുടെ സമയം ത്രിസന്ധ്യ നേരത്ത് വീട്ടിലെത്തുക എന്നതായിരുന്നു.വന്ന് തിണ്ണയിൽ കസേരയിൽ ഇരുന്ന് അന്നത്തെ വിശേഷങ്ങളോടെ പഫ്‌സും ചായയും കുടിക്കാനിരിക്കും.
‘ഇന്ന് നിന്റെ സ്‌കൂളിൽ എന്തുണ്ട് വിശേഷം സ്വപ്‌ന?പരീക്ഷയുടെ മാർക്ക് കിട്ടിയോ?’
പതിവുചോദ്യങ്ങളുടെ നീണ്ട നിര……………..
എന്നാൽ ആ സമയം കൊണ്ട് അമ്മ ഓൺ ചെയ്‌ത റേഡിയോയിലൂടെ പാട്ട് ഓടിയെത്തി…….. ‘ഈ കൈകളിൽ നിന്നാടുവാൻ,സ്വപ്‌നം പോലെ ഞാൻ വന്നു,വന്നു’
കാലം കടന്നുപോയിക്കൊണ്ടിരുന്നു…………………………….
ഇംഗ്ലീഷ് ലിറ്ററേച്ചർ ഐഛികവിഷമായെടുത്ത് തിരുവനന്ദപുരത്തെ ആൾ സെയിന്റ്‌സ് കോളേജിൽ പിഡിസി പഠിച്ചു.അന്നും ഇന്നും,ഫാഷൻ വേലിയേറ്റങ്ങൾക്ക് പേരുകേട്ട ഒരു കോളേജ് ലോകമായിരുന്നു അത്! എലിസബത്ത് ആന്റണി ‘മിസ് തിരുവനന്ദപുരം,റാണി മാത്യു ജീൻസ് വേഷത്തിന്റെ ഉസ്‌താദ്,റീബ ജോർജ്ജ്, ഗൾഫ് ലോകത്തിന്റെ സന്തതി,രേണു മാത്യു,കോളേജ് ചെയർമാൻ,എന്നിങ്ങനെ ഇന്നും എന്റെ കൂടെ കൂട്ടുകാരായി തുടരുന്നു.അലുമിനി,വാട്ട്സ്ആപ്പ് എന്ന എന്റെ ‘വെർച്ചുവൽ’ ലോകത്തിലെ സ്ഥിരം സ്‌നേഹമുള്ള വിരുന്നുകാർ! അങ്ങനെ സി എം എസ് കോളേജിന്റെ ചാമരങ്ങളുടെ കാറ്റ് ആസ്വദിച്ചു പഠിച്ച ബി എ ലിറ്ററേച്ചർ കാലങ്ങൾ വന്നതിലും വേഗം തീർന്നു.അത്രക്കാസ്വദിച്ചിരുന്നു ആശയും ജീവും ഗീതയും ബിയും ബിന്ദുവും എബിയുംബിജുവും വിനിത്തും തോമാച്ചനും വിമലയും നീനയും സുധീറും മറ്റുമായുള്ള ക്ലാസ്സുകളും,പോച്ചൻ സാറും,കൃഷ്‌ണയ്യർ സാറിന്റെയും,കോരസാറിന്റെയും ഒകെ സാറിന്റെയും,ആൻസി മാമിന്റെയും പ്രാധാന ക്ലാസ്സുകളടങ്ങിയ പഠിത്തം. അതിന്റെ കൂടെ ഇന്നത്തെ രാഷ്‌ട്രീയത്തിലും,സിനിമയിലും,പല സിവിൽ സർവ്വീസ് പോസ്റ്റുകളിലും, സാഹിത്യലോകത്തിലും,പ്രശസ്‌തരായ പല യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസ്സർമാരും,എച്ച് ഓ ഡി കളും ആയവർ ആ ചൂളമരങ്ങളുടെ കാറ്റും കുളിരും അനുഭവിച്ചവർ ആണ്.
എന്റെ കൂട്ടുകാർ പറഞ്ഞു തുടങ്ങി, ‘ദേ അവൾ പിന്നേം ചൂളമരങ്ങളുടെ കഥ തുടങ്ങി!പഠിക്കാൻ വിട്ട സമയത്ത് അവളാരൊക്കെ പ്രേമിച്ചു,സ്‌നേഹിച്ചു എന്നൊക്കെ നോക്കി നടക്കുകയായിരുന്നു’.വിനിത്തിന്റെ സ്ഥിരം വാക്കുകളെത്തി!എങ്കിലും മനസ്സിൽ നിന്ന് മാഞ്ഞുപോകാത്തത്ര ബന്ധം ആ കോളേജ് എനിക്കും മറ്റുപലർക്കും നൽകിയിട്ടുണ്ട്.ധാരാളം വിവാഹങ്ങൾക്കും ജീവിതങ്ങൾക്കുവേണ്ടി വീശിയ ചൂളമരങ്ങൾ,ഇന്നും ശക്‌തമായി നിൽക്കുന്നു.അവിടുത്തെ ചൂളമരക്കാറ്റ് എന്നാൽ എന്നെ എത്തിച്ചത്,നൈനാൻസിന്റെ പോസ്റ്റ് ഗ്രാജുവേഷൻ ക്ലാസ്സുകളിലാണ്.
‘സപ്‌നാ’, ആ പരിചയമുള്ള സ്വരം’ഗീതമ്മ’,എന്റെ ബി എ ക്ലാസ്സിന്റെ ആത്‌മകഥാംശങ്ങളിലെ ഒരാൾ!
‘ആ ഗീതമ്മ,നീ എന്തിനു ചേർന്നു? എന്റ്റെ ചോദ്യത്തിന്, മറുപടി ഉടനെത്തി ‘ലിറ്ററേച്ചർ അല്ലാതെന്താ’
‘ആഹാ,എന്നാ വാ’ ഞാങ്ങൾ ഒരുമിച്ച് ക്ലാസ്സിന്റെ പടികയറി.
അവിടെയും ധാരാളം പരിചയമുള്ള മുഖങ്ങളുണ്ടായിരുന്നു,കൂടെ എന്റെ പക്ഷിക്കുഞ്ഞും ഉണ്ടായിരുന്നു,ഗീതാ ബക്ഷി.അവർക്കൊപ്പം വീണ്ടും ഷേക്‌സ്‌പിയറും,വേർഡ്‌സ് വർത്തും കഥകളും കവിതകളും പഠിച്ചു നടന്നിരുന്ന കാലഘട്ടം വീണ്ടും പുനർജീവിച്ചതു പോലെ.എന്നാൽ അവിടെ കോളേജിന്റെ എല്ലാ അന്തരീക്ഷവും,നടപ്പിലും, എടുപ്പിലും കെട്ടിടത്തിലും ഉണ്ടായിരുന്നെങ്കിലും,പഴയ ബി എ ക്ലാസ്സിന്റെ ഛായ. ഒരു തേങ്ങൾ മനസ്സിൽ മായാതെ കിടന്നിരുന്നു.അത് ഒരു നക്ഷത്രതിളക്കം എന്റെ കണ്ണിനു കൊണ്ടുവന്നത് ഗീത കണ്ടിട്ടുണ്ടാവണം.‘നീ ഒന്ന് സന്തോഷമായിട്ടിരിക്കുമോ?’
‘വന്നെ’ആ വിളിയോടെ ക്ലാസ്സിലേക്ക് കടന്നിരുന്നു.
പകുതിയിലധികവും അപരിചിതരായ മുഖങ്ങൾ മാത്രം.എങ്കിലും ആദ്യത്തെ ആറ് മാസത്തോടെ ജിജൊയും, റൂബിയും,മിനി മൂസും ആത്മാർത്ഥസുഹൃത്തുക്കളുടെ പട്ടികയിൽ എത്തിക്കഴിഞ്ഞിരുന്നു.ടീച്ചർമാരും സാർമാരും ഏതാണ്ട് പരിപൂർണ്ണ ആത്മാർഥതക്കൊപ്പം,പല നല്ല വഴികളിലേക്കും സ്വപ്നങ്ങളെ കൊണ്ടുപോയിത്തുടങ്ങി. പുസ്‌തകത്തിന്റെ അരികുകളിൽ കുത്തിക്കുറിച്ച് ചിന്തകളുടെ കാടുകയാറുള്ള ഞാൻ,പതിവു പരിപാടികളിൽ മുഴുകിത്തന്നെയിരുന്നു.ആദ്യവർഷത്തെ പരീക്ഷകൾ ഏതാണ്ട് കഷ്‌ടിച്ച് രക്ഷപ്പെട്ടു.രണ്ടാമത്തെ വർഷത്തിലേക്ക് ചെന്നത് പുതുവർഷക്കാരുടെ വരവേൽപ്പോടെയായിരുന്നു.അവിടെ റീമയും,പ്രേമയും,രാജ് കുമാറും വീണ്ടുമെത്തി.കൂടെ എന്റെ ആത്മാർത്ഥ സുഹൃത്തെന്നു ഞാൻ ഇന്നും കരുതുന്ന എലിസബത്ത് ആന്റണിയും ചേർന്നു.വർഷാവസാനപ്പരീക്ഷയോടെ അവിടം വീണ്ടും കത്തുകളിലെ സൗഹൃദങ്ങൾ മാത്രമായിത്തീർന്നു.എന്നാൽ ആ കത്തുകളിലെ ആത്മാർത്ഥത ഞാനെന്നും മനസ്സിൽ സൂക്ഷിച്ചുവെച്ചിരുന്നു
അവസാന കണ്ണികൾ………………………..
എന്നും മനസ്സിന്റെ വാതായനങ്ങൾ സൗഹൃദങ്ങളുടെ കോലായിൽ ഞാൻ മലർക്കെത്തുറന്നിടാറുണ്ട്!എന്നാൽ എന്നോടുള്ള സ്‌നേഹത്തിന്റെ മാറ്റൊലികൾ ഒന്നും എന്റെ സൗഹൃദവീണകളുടെ സന്തോഷത്തിന്റെ സംഗീതം മടിച്ചു മടിച്ചു മാത്രം മൂളീയിരുന്നു.മിനി മൂസ് എന്നും വഴക്കു പറഞ്ഞിരുന്നു.”സ്വപ്‌ന ഈ ലോകം നീ കരുതുന്ന പോലെ ഒരു സ്വർഗ്ഗം അല്ല,വിട്ടു കളയടീ,കൂട്ടുകാരൊക്കെ വെറും നിഴലുകൾ മാത്രം.നീ മേടിച്ചു കെട്ടും എന്നെങ്കിലും! റൂബിയും പലതവണ ഓർമ്മിപ്പിച്ചിരുന്നു,ഒന്നും എന്റെ മനസ്സിലോ,ബുദ്ധിയിലോ കയറിയില്ല.വർഷങ്ങൾക്കുശേഷം ഇന്നത്തെ കാലത്തെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ,മിനിയും റൂബിയും പറഞ്ഞ തിരിച്ചടി,പൂവ്വാധികം ശക്‌തിയോടെ വന്നു.
ഗൾഫിലെ ചൂടിനും ആവിക്കും പരിഹാരമായി 90 കളിൽ വന്ന ഓർക്കുട്ടും,ഹോട്ട്മെയിലിലൂടെ അത്യാവേശത്തോടെ ഞാൻ കോളേജ് ഗ്രൂപ്പിലെത്തി.അറിഞ്ഞവരെയും അറിയാത്തവരെയും,മെസ്സേജ് അയച്ചും,കഥകളും കവിതകളും അയച്ചും ആനന്ദിപ്പിക്കുകയാണെന്ന ഭാവേന എന്നും രാവിലെയെത്തി!ആ ഗ്രൂപ്പിൽ എന്നൊട് ആർക്കും അഗാധ സ്നേഹം ഒന്നും തന്നെയില്ല എന്ന് ആദ്യ ദിവസം തന്നെ തോന്നി.എങ്കിലും മനസ്സിന്റെ പ്രതീക്ഷകൾ വിട്ടികൊടുക്കാൻ തയ്യാറായിരുന്നില്ല.‘രാജ് കുമാറെ,ഞാൻ ഇടുന്ന കഥകൾ,കവിതകൾ,കോളം എഴുത്തുകൾ ആരെയും ശല്യം ചെയ്യുന്നില്ലല്ലോ അല്ലെ?’ഒരു എഴുത്തുകാരിയുടെ ഹൃദയ നൊമ്പരമായിരുന്നു ആ ചോദ്യത്തിന് പിന്നിൽ.‘ഇല്ലടി, ഉണ്ടെങ്കിൽ ഞാൻ പറയാം.നീ ധൈര്യമായിട്ടെഴുത്.അങ്ങനെ നീങ്ങിയ ദിവസങ്ങൾക്കിടയിൽ വീണ്ടും മൗനം കൂടിക്കൊണ്ടേയിരുന്നു!ഒരു ദിവസം രാജ്കുമാറിന്റെ ക്ഷമയടക്കം എത്തിയ വാട്ട്സ് ആപ്പ് മെസേജ് ആ ഗ്രൂപ്പ് സൌഹൃദത്തിന്റെ അവസാന ചില്ലയും ഒടിച്ചു.കരഞ്ഞില്ല,മറിച്ച് ഞാൻ വിചാരിച്ചിരുന്ന മുഖങ്ങളിലെ പോയ്‌മുഖങ്ങൾ എല്ലാം എന്നെ ജീവിതം പഠിപ്പിക്കയായിരുന്നു!
നമ്മൾ സ്‌നേഹിക്കുന്നവരിലല്ല,മറിച്ച് നമ്മളെ സ്‌നേഹിക്കുന്നവരുടെ പിന്നാലെയാണ്,അവർക്ക് വേണ്ടിയാണ് നമ്മൾ സൗഹൃദങ്ങൾ വെച്ചു നീട്ടേണ്ടത് എന്ന തിരിച്ചറിവിന്റെ തേങ്ങലുകൾ എന്തൊക്കെ പറഞ്ഞു സ്വയം മനസ്സിലാക്കാൻ ശ്രമിച്ചു.ആരെയൊക്കെയോ കൂടെപ്പഠിച്ചതല്ലനമ്മുടെ ക്ലാസ്സിലല്ല എന്ന അവരുടെ വാദങ്ങൾ ശരിയായിരുന്നു.മിനിയുടെ വാക്കുകൾ കൂടെ അലയടിച്ചു,‘നി കേണും കരഞ്ഞുമൊക്കെ ബോധവൽകരിച്ചോളൂ പക്ഷേ,നിന്റെ ഉള്ള ബോധത്തെക്കൂടി ഇല്ലാതാക്കരുത്’.
ഒരു കരച്ചിലിന്റെ വക്കത്തെത്തിയ ഞാൻ മിനിക്കും,രാജ് കുമാറിനും പ്രേമക്കും മെസ്സേജുകൾ അയച്ചു! എന്നിട്ടും തീരാത്ത വിങ്ങലുമായി എന്റെ പൊയ്‌മുഖങ്ങളെ ഞാൻ എന്നന്നേക്കുമായി മറച്ചുവെച്ചു.ചില സൗഹൃദങ്ങൾ ഏത് നിമിഷവും പൊട്ടിപ്പോവുന്ന വെറും നീർക്കുമിളകൾ മാത്രമാണെന്ന് ജീവിതം എന്നെ വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.ചില സൗഹൃദങ്ങൾക്കുള്ളിലെ പൊയ്മുഖങ്ങൾക്കിടയിൽ മുഖം നഷ്ടപ്പെട്ടവളെപ്പോലെ അന്യയായി മാറുന്ന ജീവിത അവസ്ഥകളിൽ വീണ്ടും അക്ഷരങ്ങളുടെ ആത്മാവുമായി സല്ലപിച്ച് കാപ്പി കപ്പുമായി ആർക്കും ആരും ആരുമല്ലാത്ത പലതരം ഗ്രൂപ്പുകളിലെ വിശേഷങ്ങളിൽ കണ്ണുനട്ട്.......
ഞാനിന്നുമിങ്ങനെ ഇവിടെ എന്നും.....!!
സപ്ന അനു ബി. ജോർജ്ജ്