ലോക്സഭയിലെ സുരക്ഷാവീഴ്ച; പാര്‍ലമെന്റ് സുരക്ഷാ പ്രോട്ടോക്കോളില്‍ മാറ്റം

ലോക്സഭയിലെ സുരക്ഷാവീഴ്ച; പാര്‍ലമെന്റ് സുരക്ഷാ പ്രോട്ടോക്കോളില്‍ മാറ്റം

ന്യൂഡല്‍ഹി : ലോക്സഭയിലെ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലെ സുരക്ഷാപ്രോട്ടോക്കോളില്‍ മാറ്റം. പാര്‍ലമെന്റിലേക്കുള്ള സന്ദര്‍ശക പാസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ താത്‌കാലികമായി നിര്‍ത്തി. എംപിമാര്‍ക്കും ജീവനക്കാര്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം ഇനി മുതല്‍ വെവ്വേറെ പ്രവേശനമാകും അനുവദിക്കുക.

ദേഹപരിശോധനയ്ക്കായി പ്രവേശനകവാടത്തില്‍ സ്‌കാനര്‍ മെഷീനുകളും സ്ഥാപിക്കും. സന്ദര്‍ശക ഗാലറിക്ക് ഗ്ലാസ് മറ സജ്ജമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. മാധ്യമങ്ങള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോ‌ക്സഭയുടെ നടുത്തളത്തിലേക്കു യുവാക്കള്‍ ചാടി വീണ് പുക പടര്‍ത്തിയ സംഭവത്തെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലായിരുന്നു സുരക്ഷാ വീഴ്ച. അതിക്രമിച്ചു കടന്ന യുവാക്കളെ ആദ്യം എംപിമാര്‍ ചേര്‍ന്ന് കീഴടക്കുകയും പിന്നീട് സുരക്ഷാ സേന പുറത്തേക്കു കൊണ്ടുപോവുകയും ചെയ്തു. ശൂന്യവേള പുരോഗമിക്കുന്നതിനിടെ ഒരാള്‍ ഗാലറിയില്‍നിന്ന് ചാടിവീണ് ബെഞ്ചുകള്‍ക്ക് മുകളിലൂടെ സ്‌പീക്കര്‍ക്കു നേരെ നീങ്ങുകയായിരുന്നു.