നിമിഷ പ്രിയയുടെ വധശിക്ഷ: ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഈ അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും, ചെയ്യാന്‍ കഴിയുന്നതിന് പരിമിതിയുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കിട്ട രമണി കോടതിയെ അറിയിച്ചു. എല്ലാവിധത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തിയതായും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
നയതന്ത്ര ഇടപെടല്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ സ്വകാര്യതലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നത്. യെമനില്‍ സ്വാധീനമുള്ള ആളുകള്‍ വഴിയാണ് ചര്‍ച്ച നടത്തുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചെയ്യാവുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യുന്നുണ്ട്. വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ അത് ഏറെ ദുഃഖകരമാണെന്നും നല്ലത് സംഭവിക്കട്ടെയെന്ന് കാത്തിരിക്കാം എന്ന് സുപ്രീം കോടതി പറഞ്ഞു. അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നു പറഞ്ഞ സുപ്രീം കോടതി തങ്ങള്‍ക്ക് ഒരു നിര്‍ദേശം നല്‍കാനാവില്ലെന്നും വ്യക്തമാക്കി.
കേസ് നിരീക്ഷിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.