കാസര്‍കോട് മോക് പോളിനിടെ ബി ജെ പിക്ക് അധിക വോട്ടെന്ന പരാതിയില്‍ സുപ്രീംകോടതിയുടെ ഇടപെടൽ

കാസര്‍കോട്  മോക് പോളിനിടെ ബി ജെ പിക്ക് അധിക വോട്ടെന്ന പരാതിയില്‍ സുപ്രീംകോടതിയുടെ ഇടപെടൽ

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ മോക് പോളിനിടെ ബി ജെ പിക്ക് അധിക വോട്ടെന്ന പരാതിയില്‍ സുപ്രീംകോടതിയുടെ പരാതി.

യു ഡി എഫും എല്‍ ഡി എഫും ഉയർത്തിയ പരാതി പരിശോധിക്കാന്‍ സുപ്രീംകോടതി നിർദേശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം മോക് പോളിങ് നടത്തിയിരുന്നു. മോക് പോളിങ്ങിനിടെ ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീന്‍ ബി ജെ പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നാണ് എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഏജന്റുമാർ ഉയർത്തിയ പരാതി.

മോക് പോളിനിടെ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി ജെ പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദം സുപ്രീംകോടതിയില്‍ നടക്കവെ അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് ഈ വിഷയം പരിശോധിക്കാന്‍ സുപ്രീംകോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കുകയായിരുന്നു.

ബിജെപിക്ക് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയ കാര്യം അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. മാധ്യമങ്ങളില്‍ വന്ന വാർത്തകള്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടർന്നാണ് വിഷയം പരിശോധിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കുന്നത്.

മോക് പോളിലെ പിഴവുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥിയും സി പി എം നേതാവുമായ എം വി ബാലകൃഷ്ണൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിട്ടുണ്ട്