വയനാട് വിനോദയാത്രാ വിവാദം: പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ

Nov 3, 2026 - 20:01
 0  3
വയനാട് വിനോദയാത്രാ വിവാദം: പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ

കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ ഉത്തരവ് സ്റ്റേ ചെയ്തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ അനുവദിച്ചത്‌. സ്ഥലംമാറ്റത്തിനെതിരെ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.

ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയതോടെയാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. സ്റ്റേ ലഭിച്ചതോടെ പ്രിൻസിപ്പലിനെ തിരികെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന പഠിപ്പ് മുടക്ക് പ്രതിഷേധം അവസാനിപ്പിച്ചു.

ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാര്‍ഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചു. എന്നാൽ പൊലീസ് നടത്തിയ വൈദ്യപരിശോധനയില്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തി.