വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രഥമാധ്യാപികയ്ക്ക് സസ്പെൻഷൻ

കൊല്ലം: ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. എസ് സുജയെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജരാണ് ഉത്തരവിറക്കി. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു.
അപകടത്തിൽ ഉപവിദ്യഭ്യാസ ഡയറക്ടർ, സ്കൂൾ മാനേജ്മെന്റ്, പ്രധാനാധ്യാപിക എന്നിവരുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട്. സ്കൂളിൽ അപകടാവസ്ഥയിൽ സൈക്കിൾ ഷെഡിന് മുകളിലായി വൈദ്യതി കമ്പികൾ താഴ്ന്നു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്കൂൾ അധികൃതർ പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിച്ചില്ല. സ്കൂളിൽ പരിശോധനയ്ക്ക് പോയ ഉപ വിദ്യാഭ്യാസ ഡയറക്ടർ വീഴ്ച വരുത്തി. അനധികൃത നിർമ്മാണമായിട്ടും തടയാനോ റിപ്പോർട്ട് ചെയ്യാനോ പ്രധാനാധ്യാപികയും ശ്രമിച്ചില്ലെന്ന് റിപ്പോർട്ടിലുണ്ട്.