'അഞ്ച്‌ മാസമായി പെന്‍ഷനില്ല'; സര്‍ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയില്‍

'അഞ്ച്‌ മാസമായി പെന്‍ഷനില്ല'; സര്‍ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയില്‍

കൊച്ചി: അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ചുമാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുൻപ് പെൻഷൻ കുടിശ്ശിക ലഭിക്കാൻ കോടതിയുടെ ഇടപെടൽ വേണം എന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 ജൂലൈ മാസത്തിലെ വരെ പെന്‍ഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1600 രൂപയില്‍നിന്നാണ് മരുന്നുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്.പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും മറിയക്കുട്ടി ഹർജിയില്‍ പറയുന്നു.

മറിയക്കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്‍റെയും വിശദീകരണം തേടി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പണം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മുടക്കിടക്കുന്ന പെന്‍ഷന്‍ മുഴുവന്‍ ലഭ്യമാക്കാന്‍ കോടതി ഇടപെടണമെന്നും ഹർജിയിലുണ്ട്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.