മാലിദ്വീപിനുള്ള സഹായധനം വെട്ടിക്കുറച്ച്‌ ഇന്ത്യ

മാലിദ്വീപിനുള്ള സഹായധനം വെട്ടിക്കുറച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: മാലിദ്വീപിനുള്ള സഹായധനത്തില്‍ കാര്യമായ കുറവ് വരുത്തി കേന്ദ്ര സർക്കാർ. ഇരുരാജ്യങ്ങള്‍ക്ക് ഇടയിലും നിലനില്‍ക്കുന്ന നയതന്ത്ര ഭിന്നത പൂർണമായും മാറാത്ത സാഹചര്യത്തില്‍ 2024-25 സാമ്ബത്തിക വർഷത്തില്‍ മാലിദ്വീപിനുള്ള സഹായധനത്തില്‍ 22 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം.

വികസന സഹായത്തിനായി മാലദ്വീപിന് 600 കോടിയാണ് ഇന്ത്യ അനുവദിച്ചത്, വിദേശ രാജ്യങ്ങള്‍ക്ക് സർക്കാർ നല്‍കുന്ന ഏറ്റവും വലിയ മൂന്നാമത്തെ സഹായമാണിത്. 2023-24ല്‍ മാലദ്വീപിന് 770.90 കോടി രൂപയാണ് സഹായമായി നല്‍കിയത്. 2022-23 ല്‍ അനുവദിച്ച 183.16 കോടിയില്‍ നിന്ന് 300 ശതമാനത്തിലധികം വർധനവാണ് ഇക്കലയളവില്‍ ഉണ്ടായത്.

2023ലെ ബജറ്റില്‍ മാലിദ്വീപിനായി സർക്കാർ ആദ്യം 400 കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് അത് 770.90 കോടി രൂപയായി ഉയർത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി, മാലിദ്വീപിൻ്റെ പ്രധാന സഹായ പങ്കാളിയാണ് ഇന്ത്യ. ദ്വീപ് രാഷ്ട്രത്തിനുള്ള ഇന്ത്യയുടെ സഹായം പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നു.

എന്നാല്‍ വരുന്ന സാമ്ബത്തിക വർഷം ഇന്ത്യയുടെ സഹായധനത്തില്‍ തിരിച്ചടി നേരിട്ട രാജ്യം മാലിദ്വീപ് മാത്രമല്ല. വിദേശ രാജ്യങ്ങള്‍ക്കുള്ള മൊത്തം സഹായം സർക്കാർ 10 ശതമാനം കുറച്ചിട്ടുണ്ട്. 2024-25ല്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള സഹായമായി ഇന്ത്യ 4883.56 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.