കുട്ടികളിലെ രക്താര്‍ബുദത്തിന് മരുന്ന് വികസിപ്പിച്ച്‌ ടാറ്റ ആശുപത്രി

കുട്ടികളിലെ രക്താര്‍ബുദത്തിന് മരുന്ന് വികസിപ്പിച്ച്‌ ടാറ്റ ആശുപത്രി

മുംബൈ: അര്‍ബുദ രോഗങ്ങളുടെ ഭീകരതയെകുറിച്ച് നമുക്ക് നല്ല ബോധ്യം ഉണ്ട് .  അര്‍ബുദ രോഗങ്ങള്‍ക്ക് കൃത്യമായ മരുന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ല.

കീമോതെറാപ്പിയാണ്് സാധാരണയായി അര്‍ബുദത്തില്‍ നിന്നും മോചനം ലഭിക്കുന്നതിനായുള്ള ഏക മാര്‍ഗം. എന്നാല്‍ കീമോയുടെ പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും എല്ലാവരുടെയും ശരീരത്തിന് താങ്ങാൻ പറ്റണമെന്നില്ല. പ്രത്യേകിച്ച്‌ കുട്ടികളില്‍.

കുട്ടികളിലെ രക്താര്‍ബുദത്തിനായി പുതിയ കീമോ മരുന്ന് വികസിപ്പിച്ചിരിക്കുകയാണ് മുംബൈ ടാറ്റ ആശുപത്രി. ബെംഗളൂരുവിലെ ഐഡിആര്‍എസ് ലാബുമായി കൂടിച്ചേര്‍ന്നാണ് സിറപ്പ് രൂപത്തിലുള്ള മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 6-മെര്‍കാപ്‌റ്റോപൂരിൻ(6-MP) എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കുട്ടികളില്‍ ഉണ്ടാകുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയെ ചെറുക്കാൻ മികച്ചതാണ്. കുട്ടികളിലെ രക്താര്‍ബുദ ചികിത്സക്കായി ഉപയോഗിക്കാവുന്ന രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി മരുന്നാണിത്.

മരുന്നിന് ദേശീയ ഡ്രഗ് റെഗുലേറ്ററി ബോഡിയായ സെൻട്രല്‍ ഡ്രഗ്‌സ് സ്റ്റാൻഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന ആശുപത്രികളിലും മരുന്ന് ഉടൻ ലഭ്യമാകും.

കുട്ടികളുടെ ശരീരഭാരത്തിന് അനുസരിച്ചാണ് മരുന്ന് നല്‍കുക. കുട്ടികള്‍ക്ക് നല്‍കുന്നതിനാല്‍ തന്നെ അതിന് സൗകര്യ പ്രദമായ രീതിയില്‍ പൗഡര്‍ അല്ലെങ്കില്‍ സിറപ്പ് രൂപത്തിലാണ് പ്രിവള്‍ എന്നറിയപ്പെടുന്ന മരുന്ന് ലഭിക്കുക.