സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പാര്‍ട്ട് ടൈം ജോലികള്‍ക്ക് അനുമതി

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക്  പാര്‍ട്ട് ടൈം ജോലികള്‍ക്ക് അനുമതി

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു പാര്‍ട്ട് ടൈം ജോലിക്കും വീട്ടിലിരുന്ന് വിദൂരമായി ജോലി ചെയ്യാനും അനുമതി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജനുവരി ആദ്യം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ യഥാര്‍ഥ സ്പോണ്‍സര്‍മാരല്ലാത്ത തൊഴിലുടമകളുമായി പാര്‍ട്ട് ടൈം ജോലികളില്‍ ഏര്‍പ്പെടാനാകും.

തൊഴിലാളികള്‍ മറ്റൊരു കമ്ബനിയില്‍ പാര്‍ട്ട് ടൈം ജോലി തേടുന്നതിന് തൊഴിലുടമയില്‍ നിന്ന് അനുമതി വാങ്ങണം. പാര്‍ട്ട് ടൈം ജോലി ഒരു ദിവസം പരമാവധി നാല് മണിക്കൂര്‍ ആയിരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍, കരാര്‍ മേഖലയെ പുതിയ തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മാൻപവര്‍ അതോറിറ്റി വ്യക്തമാക്കി.

സ്വകാര്യ മേഖലയില്‍ വിദൂര ജോലികള്‍ അനുവദിക്കുന്നതിനും ഇതിനായുള്ള നടപടിക്രമങ്ങളുടെ ചട്ടങ്ങള്‍ തയാറാക്കുന്നതിനും ആഭ്യന്തര മന്ത്രി പബ്ലിക്ക് അതോറിറ്റി ഫോര്‍ മാൻപവറിന് നിര്‍ദേശം നല്‍കി. ഓഫിസില്‍ എത്താതെ വീട്ടില്‍ ഇരുന്ന് പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യാൻ തൊഴിലാളികളെ പ്രാപ്തരാക്കുന്നതാണ് പുതിയ തീരുമാനം.

വിദേശത്തുനിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം നിലവില്‍ രാജ്യത്തുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ കമ്ബനികളെ അനുവദിക്കുന്നതാണ് തീരുമാനം.