കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് ഇ ഡി കോടതിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാമെന്ന്  ഇ ഡി   കോടതിയില്‍
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാവുന്നതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വിഷയം പരാമര്‍ശിച്ചതിന് പിന്നാലെയാണ് ഇ ഡിയുടെ പുതിയ നീക്കം.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാന്‍ അവസരമുണ്ടെന്നും ഇ ഡി വ്യക്തമാക്കി. പ്രതികളില്‍നിന്ന് ഇ ഡി കണ്ടുകെട്ടിയ സ്വത്തുവകകളില്‍നിന്ന് തങ്ങളുടെ നിക്ഷേപത്തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചില നിക്ഷേപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇ ഡി നിര്‍ദേശം. നിക്ഷേപകരുടെ ആവശ്യം പരിഗണിക്കാവുന്നതാണെന്ന് കോടതി ഇ‌ ഡിയോട് പറഞ്ഞു.

കരുവന്നൂര്‍ കേസിലെ 54 പ്രതികളില്‍ നിന്നായി 108 കോടി രൂപയോളം മൂല്യമുള്ള സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്. ഇത് നിക്ഷേപകര്‍ക്ക് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.

ഇന്ന് രാവിലെയാണ് നരേന്ദ്ര മോദി കുന്നംകുളത്ത് പ്രചാരണത്തിനെത്തിയത്. കരുവന്നൂര്‍ കേസ് എടുത്ത് പറഞ്ഞ അദ്ദേഹം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചുരുന്നു.