കഥകളുടെ സുൽത്താന്റെ ഓർമകളിലൂടെ: ജോൺ ടി വേക്കൻ

കഥകളുടെ സുൽത്താന്റെ ഓർമകളിലൂടെ:  ജോൺ ടി വേക്കൻ

 

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തെട്ടാം ചരമവാർഷികദിനമാണിന്ന്...

സാഹിത്യലോകത്തെ ഒരു വൻമരം കടപുഴകിയ ദിനത്തിൽ നിരവധി ഓർമ്മകൾ മിഴി തുറക്കുന്നുണ്ട്... ഇത്തരമൊരു കുറിപ്പിൽ ചുരുക്കാവുന്നതല്ലത്. 2022, കാലപരിഗണനയിൽ പലതുകൊണ്ടും പ്രസക്തിയുള്ളതാകുന്നു. മാത്രമല്ല, എൻറെ നാടകജീവിതത്തിൽ ഹൃദയത്തോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നു... 


1908ൽ ബഷീറിന്റെ ജനനം.
1945ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് മുപ്പത്തിയേഴാം വയസ്സിൽ ബഷീർ കഥാബീജം നാടകം രചിച്ചു.
1992ൽ മലയാള ചെറുകഥാപ്രസ്ഥാനത്തിൻറെ നൂറാം വർഷത്തിൽ, എനിക്ക് മുപ്പത് വയസ്സുള്ളപ്പോൾ നാടകകലാകാരന്മാരിൽ എനിക്കു മാത്രം ലഭിച്ച "ഭാഗ്യം" - പോരാ ആ വാക്ക് തൃപ്തി നല്കുന്നില്ല... എങ്കിലും ഈ കുറിപ്പ് പൂർത്തിയാക്കാൻ അങ്ങനെ പറഞ്ഞുവെക്കാം - ബഷീറുമായി കൂടിക്കണ്ട്, കഥാബീജം നാടകം അവതരിപ്പിക്കാൻ ചർച്ച ചെയ്തു തീരുമാനമാക്കുന്നു.


ബഷീറിൻറെ തൊണ്ണൂറ്റിരണ്ടാം ജന്മവർഷം, 2000ൽ ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം നാടകവേദി എറണാകുളത്ത് ആരംഭിച്ചപ്പോൾ ആദ്യ അവതരണത്തിന് തിരഞ്ഞെടുത്തത് കഥാബീജം... അങ്ങനെ ആ വൻവൃക്ഷത്തിൻറെ തണലോർമ്മകൾ നിരവധി... 

കഥാബീജത്തിൽ നിന്ന്


കഥാബീജം നാടകാവതരണം കണ്ട്  ആസ്വാദനം, നിരൂപണം, അനുഭവം, അനുസ്മരണം ഒക്കെ എഴുതിയവർ നിരവധിയാണ്. ബഷീറുമായി ഏതൊക്കെ രീതിയിൽ എന്ന് വിശേഷിപ്പിക്കാൻ കഴിയാത്തത്ര ബന്ധമുണ്ടായിരുന്ന എം വി ദേവൻ, എം കെ സാനു, ബഷീറിന്റെ മതിലുകൾ സിനമയാക്കിയ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, നിരൂപകശ്രേഷ്ഠൻ കെ എസ് നാരായണപിള്ള, വിമർശന കലയിലെ അഗ്രഗണ്യൻ എം തോമസ് മാത്യു, നിരൂപകപ്രതിഭ എം കെ ഹരികുമാർ, പ്രമുഖ എഴുത്തുകാരൻ കെ എൽ മോഹനവർമ്മ, ജി അരവിന്ദൻറെയും അടൂർ ഗോപാലകൃഷ്ണൻറെയും ഷാജി എൻ കരുണിൻറെയും സിനിമകൾക്കുവേണ്ടി മാത്രം ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊടുത്തിട്ടള്ള നടൻ എസ് ഗോപാലകൃഷ്ണൻ, കഥാകൃത്ത് ജി ആർ ഇന്ദുഗോപൻ, ഡോ എച്ച് സദാശിവൻപിള്ള, മുതിർന്ന മാധ്യമ പ്രവർത്തകരായ വി വി വേണുഗോപാൽ, മാണി പയസ്, മികച്ച എഡിറ്റോറിയലിനുള്ള മീഡിയാ അക്കാദമിയുടെ അവാർഡ് ലഭിച്ച കെ എം സന്തോഷ്കുമാർ, മദിരാശിയിലെ സാംസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ തലശ്ശേരി രാഘവൻ, മദിരാശി ആകാശവാണിയിലെ കോഴിക്കോട് വിജയൻ, ജോർജ്ജ് പുളിക്കൻ, ജെ ബിന്ദുരാജ്, എം സൂഫി മുഹമ്മദ്, സണ്ണി ചെറിയാൻ, പി എസ് പ്രമോദ്, ബെന്നി സേവ്യർ, സുകുമാരൻ കൊച്ചുകരി, ഉണ്ണിക്കൃഷ്ണൻ കിടങ്ങൂർ, ആർട്സൺ പൊതി, എൻ പി ഗോപാൽ, ഡി ജയകൃഷ്ണൻ, സാബു കരിമണൽ, മനു ഡേവിസ്, മേരി ജെട്രി, ആനന്ദ് ഹരിദാസ്, ജേക്കബ്ബ് വി ലാസർ, ജോമോൻ... അപൂർണ്ണമാണ് ആ പട്ടിക.


2001ൽ എറണാകുളത്ത് വൈക്കം തിരുനാൾ സ്ഥിരം നാടകവേദി രവി ഡിസിയുടെ ഡിസി ബുക്സുമായി ചേർന്ന് ബഷീറിന്റെ കഥാപാത്രങ്ങളായ കുടംബാംഗങ്ങള മുഴുവൻ പങ്കെടുപ്പിച്ച് ബഷീർ അനുസ്മരണം സംഘടിപ്പിച്ചപ്പോൾ മലയാളത്തിലെ രണ്ടു പ്രമുഖ ദിനപ്പത്രങ്ങളായ മാധ്യമത്തിന്റെയും ദേശാഭിമാനിയുടെയും ഫ്രണ്ട് പേജ് വാർത്തയായി ആ അനുസ്മരണം രേഖപ്പെടുത്തപ്പെട്ടു...

                                                                                                                                          COURTESY; MADHYAMAM

                                                                                                                                         COURTESY;DESHABHIMANI


പോയകാലത്തിലേക്ക് എൻറെ കണ്ണാടിയിലൂടെ ബഷീറിന്റ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ എന്തെല്ലാമാണ് ആർത്തലച്ചെത്തുന്നതെന്ന് പറയുക വയ്യ... ബഷീറുമായി കണ്ടുമുട്ടിയ കാലംമുതൽ ആ വൻവൃക്ഷത്തോടു  ചേർന്നുനിന്ന ഒപ്പമരമായ ഭാര്യ ഫാബി ബഷീർ, വൃക്ഷശിഖരങ്ങളായ ഷാഹിനാ ബഷീർ, അനീസ് ബഷീർ എന്നിവരിലൂടെ വേരറ്റുപോകാത്ത ബന്ധമായി തുടരാൻ കഥാബീജമെന്ന നാടകം കുറച്ചൊന്നുമല്ല എനിക്കിടയാക്കിയിട്ടുള്ളത്. 

ബഷീറിന് ആത്മാഞ്ജലി അർപ്പിക്കുന്നത് ഞാൻ മാത്രമല്ല, നാടകക്കളരിപ്രസ്ഥാനവും വൈക്കം തിരുനാൾ നാടകവേദിയും നാടകഗ്രന്ഥശാലയും തിരുസദസ്സ് സാംസ്ക്കാരിക രംഗവേദിയും തിരുച്ചിത്ര എന്ന വിഷ്വൽ മീഡിയാ വിഭാഗവും കൂടിച്ചേർന്നാണ്...

 ജോൺ ടി വേക്കൻ