കെ സി വേണുഗോപാലിന്റെ വീട്ടില്‍ എത്തി വി ഡി സതീശന്‍

May 16, 2026 - 11:49
 0  6
കെ സി വേണുഗോപാലിന്റെ വീട്ടില്‍ എത്തി വി ഡി സതീശന്‍

തിരുവനന്തപുരംമന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി കെ.സി. വേണുഗോപാലിന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്. കന്റോണ്‍മെന്റ് ഹൗസില്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വഴുതക്കാടുള്ള രമേശ് ചെന്നിത്തലയുടെ വീട്ടിലും പോയതിന് ശേഷമാണ് കെസിയെ കാണാനെത്തിയത്.

  കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. ഞങ്ങള്‍ എന്നും കാണുന്നവരാണെന്നും വിഡി സതീശന്‍ മന്ത്രിസഭയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനത്തില്‍ അടിയുറച്ച് നില്‍ക്കുമെന്നും കെ സി വ്യക്തമാക്കി. ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരികയെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാമെന്നും പാര്‍ട്ടിയാണെല്ലാമെന്നും ഒരിക്കല്‍ കൂടി വ്യക്തമാക്കി. പാര്‍ട്ടി തീരുമാനത്തിനൊപ്പം അടിയുറച്ച് പോരാടുക എന്നതാണ് രീതി. യുഡിഎഫ് സര്‍ക്കാരിനെ ജനം പ്രതീക്ഷയോടെ നോക്കി കാണുകയാണ്. പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും നിരവധി പ്രശ്‌നങ്ങള്‍ കിടക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള ദൗത്യമാണ് വി ഡി സതീശന്‍ സര്‍ക്കാരിന് മുന്നിലുള്ളത്. അത് നിര്‍വഹിക്കും. അതിന് വേണ്ട പൂര്‍ണ പിന്തുണ നല്‍കുക എന്ന ഉത്തരവാദിത്തമാണ് ഞാന്‍ നിര്‍വഹിക്കുക. പാര്‍ട്ടി എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന കണ്ണിയാണ്. എന്തു അഭിപ്രായ വ്യത്യാസം ഉണ്ടായാലും അതിനെയെല്ലാം ഒന്നിപ്പിക്കുന്ന കണ്ണിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.'   കെ സി വേണുഗോപാല്‍ പറഞ്ഞു.

കെ സി വേണുഗോപാലുമായി നീണ്ടകാലത്തെ ബന്ധമാണുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. 'എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഒരുമിച്ചാണ് നടന്നിരുന്നത്. അന്ന് എ കെ ആന്റണി പറയും. വലിയ കൂട്ടുകാര്‍ വരുന്നു എന്ന്. ഒരുമിച്ച് ലോകം മുഴുവന്‍ യാത്ര ചെയ്തിട്ടുള്ള ആളുകളാണ് ഞങ്ങള്‍. ഒരുമിച്ച് യാത്ര ചെയ്യുന്നതിന് ഒരു ബന്ധം വേണ്ടേ. അല്ലെങ്കില്‍ ഒരുതവണ ഒരുമിച്ച് യാത്ര ചെയ്ത ശേഷം വീണ്ടും ഒരുമിച്ച് പോകാന്‍ കഴിയുമോ?അത്രയും ആത്മബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ട്. അദ്ദേഹം ഒരുപാട് സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ള ആളാണ്. കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും ഇരിന്നിട്ടുള്ള ആളാണ്. കോണ്‍ഗ്രസുകാരന് ഇരിക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് അദ്ദേഹം.

മന്ത്രിസഭാ രൂപീകരണം കൂടിയാലോചിച്ച് ചെയ്യും. 15 മിനിറ്റ് ഇരുന്നാല്‍ തീരാത്ത ഒരു വിഷയവുമില്ല. അദ്ദേഹം പറയുന്നത് തന്നെയായിരിക്കും ഞാന്‍ പറയുന്നത്. വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന നേതൃത്വം ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുണ്ട്. നിങ്ങള്‍ വിചാരിച്ചോ മുഖ്യമന്ത്രിയും 21 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന്. എത്ര വേഗത്തിലാണ് യുഡിഎഫില്‍ ചര്‍ച്ചകള്‍ നടക്കുന്നത്-, കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

നാളെ ഉച്ച കഴിയുമ്പോഴേക്കും ഗവര്‍ണര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കും. സിപിഎമ്മിന് പോലും പറ്റിയിട്ടില്ല. കോണ്‍ഗ്രസിനെ കുറിച്ച് അഭിമാനമാണ് ഉള്ളത്. എത്രമാത്രം ജനാധിപത്യ പ്രോസസ് നടന്ന പാര്‍ട്ടിയാണ്. എത്രയോ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച ആളാണ് കെസി. അനാവശ്യമായ ഒരു ഇടപെടലും നടത്താതെ, നിഷ്പക്ഷമായി നിന്നയാളാണ് കെ സി.'- വി ഡി സതീശന്‍ പറഞ്ഞു.