ഗവര്‍ണറെ കണ്ട് വിഡി സതീശന്‍; പൂര്‍ണ മന്ത്രിസഭാ സത്യപ്രതിജ്ഞ തിങ്കളാഴ്ച
കേരളത്തിലെ പുതിയ മന്ത്രിസഭയുടെ പൂർണ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നിലവിലെ തീരുമാനം. അതിനുമുമ്പ് മന്ത്രിസഭാംഗങ്ങളുടെ പട്ടിക അന്തിമമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാർ രൂപീകരണ നടപടികളുടെ ഭാഗമായി നിയുക്ത മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ച് പിന്തുണക്കത്ത് കൈമാറി. ഇതിനിടെ ചേർന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ വി ഡി സതീശനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.
സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങുകയായിരുന്നു. യോഗത്തിൽ എഐസിസിയുടെ തീരുമാനം ആദ്യം അറിയിച്ചത് ദീപ ദാസ്മുൻഷി ആയിരുന്നു. യോഗത്തിൽ കെ സി വേണുഗോപാലിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹം വഹിച്ച പങ്കും വി ഡി സതീശൻ എടുത്തുപറഞ്ഞു. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തണമെന്ന് കെസിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൂടാതെ രമേശ് ചെന്നിത്തലയെ ഞങ്ങളുടെ നേതാവ് എന്ന് വിശേഷിപ്പിച്ച സതീശൻ, നിരീക്ഷകർക്കും ദീപദാസ് മുൻഷിക്കും നന്ദിയും രേഖപ്പെടുത്തി. നല്ല ഭരണമാണ് പുതിയ സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുകുൾ വാസ്നിക് വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പ്രശംസിച്ച് സംസാരിച്ചു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുന്ന നേതാവാണ് സതീശനെന്നും, കോൺഗ്രസിന്റെ വൻ വിജയത്തിൽ കെ സി വേണുഗോപാലിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.