‘അന്വേഷണവുമായി സഹകരിക്കും, അദ്ദേഹം ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Oct 29, 2026 - 09:35
 0  2
‘അന്വേഷണവുമായി സഹകരിക്കും, അദ്ദേഹം ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂർ വാഹനാപകടക്കേസിൽ കാറോടിച്ചിരുന്ന 17കാരന്റെ പിതാവും അഡീഷണൽ സെഷൻസ് ജഡ്ജിയുമായ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. അന്വേഷണത്തോടും ചോദ്യംചെയ്യലിനോടും ജഡ്ജി സഹകരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു.

വ്യാഴാഴ്ച രാവിലെ ജഡ്ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായക ചോദ്യങ്ങൾ. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിലവിൽ സേവനത്തിലുള്ള ജുഡീഷ്യൽ ഓഫീസറാണ് ഹർജിക്കാരനെന്നും നിയമനടപടികളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.

പിന്നാലെയാണ്, തുടർ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ അപേക്ഷകനെ പോലീസ് അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് കോടതി ഉത്തരവിട്ടത്. ‘അദ്ദേഹത്തെ നാല് മണിക്കൂർ ചോദ്യം ചെയ്യേണ്ടി വന്നതെന്തിനാണ്? ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെന്താണ്? അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടത് എന്തിനാണ്? അദ്ദേഹം ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ്. അന്വേഷണവുമായി അദ്ദേഹം സഹകരിച്ചുകൊള്ളും.’ ജസ്റ്റിസ് എടപ്പഗത്ത് പറഞ്ഞു.

അതേസമയം, ജഡ്ജി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ആവശ്യമായി വരുന്ന പക്ഷം പിന്നീട് വിളിപ്പിക്കുമ്പോഴും ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ചോദ്യം ചെയ്യൽ നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ജഡ്ജിക്കുവേണ്ടി സീനിയർ അഭിഭാഷകൻ പി. വിജയഭാനു കോടതിയിൽ ഹാജരായി.