മാലിദ്വീപ് വിഷയത്തില്‍ ഇന്ത്യക്ക് ഇസ്രയേലിന്റെ പിന്തുണ, ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം

മാലിദ്വീപ് വിഷയത്തില്‍ ഇന്ത്യക്ക് ഇസ്രയേലിന്റെ പിന്തുണ, ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം

ന്യൂഡല്‍ഹി: മാലിദ്വീപ് വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച്‌ ഇസ്രയേല്‍ രംഗത്ത് . ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗോടെ ഇസ്രയേല്‍ എംബസി സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ഇട്ടു.

ലക്ഷദ്വീപില്‍ ജലശുദ്ധീകരണ പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ ഉണ്ട്, ഈ പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറാണെന്നും നാളെ തന്നെ പണി ആരംഭിക്കുമെന്നും ട്വീറ്റില്‍ പറയുന്നു. ഒപ്പം ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാന്‍ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

മോദി ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി നേരത്തെ വിമര്‍ശിച്ചത് വിവാദമായതോടെയാണ് എംബസി പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്.

അതേസമയം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ മാലിദ്വീപിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. മാലിദ്വീപ് ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. മാലിദ്വീപിനെ ബഹിഷ്‌ക്കരിക്കണം എന്ന സാമൂഹ്യ മാധ്യമ പ്രചാരണത്തിനിടെ ദ്വീപിലേക്കുള്ള ബുക്കിംഗുകള്‍ ഈസ് മൈ ട്രിപ്പ് റദ്ദാക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ മാലിദ്വീപും വിളിച്ചു വരുത്തി. നേരത്തെ, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി മാലിദ്വീപ് ഭരണകൂടത്തെ അതൃപ്തി അറിയിച്ചിരുന്നു. കൂടുതല്‍ പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ തുടര്‍ നടപടികളെ കുറിച്ച്‌ ആലോചിക്കും.

സമൂഹമാധ്യമങ്ങളില്‍ മാലിദ്വീപ് സര്‍ക്കാറിന്റെ നിലപാടിനെതിരായ പ്രതിഷേധം തുടരുകയാണ്.