'ബോംബിടരുത്, പൈലറ്റുമാരെ തിരിച്ചുവിളിക്കണം'; ഇസ്രയേലിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലിന് കടുത്ത താക്കീതുമായി ട്രംപ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാല്‍ അത് വലിയ തെറ്റാകുമെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.
”ഇസ്രയേല്‍ ആ ബോംബുകള്‍ പ്രയോഗിക്കരുത്. അങ്ങനെ നിങ്ങള്‍ ചെയ്താല്‍ അത് വലിയൊരു ലംഘനമാണ്. നിങ്ങളുടെ പൈലറ്റുമാരെ ഇപ്പോള്‍ത്തന്നെ തിരിച്ചുവിളിക്കണം” ട്രംപ് കുറിച്ചു. അതേസമയം, ഇസ്രയേല്‍ ഇറാനെ ആക്രമിക്കില്ലെന്നും മറ്റൊരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ”എല്ലാ വിമാനങ്ങളും മടങ്ങും. ആര്‍ക്കും പരുക്കുണ്ടാവില്ല, വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ട് ! ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി !” മറ്റൊരു പോസ്റ്റില്‍ ട്രംപ് കുറിച്ചു.