റണ്‍വെയിൽ ലാൻഡ് ചെയ്‌ത് നിമിഷങ്ങള്‍ക്കകം വിമാനം പറന്നുയർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

Jul 16, 2025 - 19:45
 0  36
റണ്‍വെയിൽ ലാൻഡ് ചെയ്‌ത് നിമിഷങ്ങള്‍ക്കകം  വിമാനം  പറന്നുയർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

പാട്‌ന: സുരക്ഷിത ലാൻഡിങ് സോണിനെ മറികടന്ന വിമാനം റണ്‍വെയിൽ നിന്ന് വീണ്ടും പറന്നുയർന്നു. പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമെന്ന് വിമാനത്താവള അധികൃതർ. ഡൽഹിയിൽ നിന്നും പാട്‌നയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിലെ 173 യാത്രക്കാരും ജീവനക്കാരുമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.

രാത്രി ഒൻപത് മണിക്ക് ജയ്പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന 6E-2482 വിമാനം ടച്ച്ഡൗണിനിടെ തകരാറിലാവുകയായിരുന്നു. പാട്‌ന എയർപോർട്ടിൻ്റെ റണ്‍വെ ചെറുതായതിനാൽ വിമാനം സുരക്ഷിത ലാൻഡിങ് സോണിനെ മറികടന്നതായി മനസിലാക്കിയ പൈലറ്റ്, ഉടൻ തന്നെ വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നു. വിമാനം റണ്‍വെ വിട്ട് പറന്നതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് എയർലൈൻ വക്താവ് പറഞ്ഞു.

ലാൻഡിങ് പ്രക്രിയ ശരിയായി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പൈലറ്റ് സുരക്ഷാ നടപടിക്രമത്തിൻ്റെ ഭാഗമായി വിമാനം പറത്തുകയായിരുന്നു. റൺവേയിലെത്തി നിമിഷങ്ങൾക്കകം വിമാനം വീണ്ടും പറന്നുയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. അഞ്ച് മിനിറ്റോളം വിമാനത്താവളത്തിൽ നാല് തവണ വട്ടമിട്ട് പറന്നതിന് ശേഷം വീണ്ടും സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ക്രൂ അംഗങ്ങൾ യാത്രക്കാരെ സമാധാനിപ്പിക്കുകയും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു