ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ തുടങ്ങിയ മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ നിർമിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ നിരവധി താരനിശകളും സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി ഫിലിംസിന്‍റെ ബാനറിൽ പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങളാണ് ബാലൻ നിർമിച്ചത്. 1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്താണ് ഏറ്റവും ഒടുവിൽ നിർമിച്ച ചിത്രം.

ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ കൂടിയായ ബാലൻ ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്. 2015 നാഷണൽ ഗെയിംസ് ചീഫ് ഓർഗനൈസറായും സേവനമനുഷ്ഠിച്ചു.

അനിത ബാലനാണ് ഭാര്യ. സൗമ്യ ബാലൻ ( ഫൗണ്ടൽ ഡയറക്റ്റർ, ആലിബൈ സൈബർ ഫൊറൻസിക്സ്), അനന്ത പത്മനാഭൻ ( മാനേജിങ് പാർട്ണർ , മെഡ്റൈസ്, ഡയറക്റ്റർ -ലോക മെഡി സിറ്റി) എന്നിവരാണ് മക്കൾ. കെ.എം. ശ്യാം ( ആലിബൈ സൈബർ ഫൊറൻസിക്സ് ഡയറക്റ്റർ, ഗാന്ധിമതി ട്രേഡിങ് ആൻഡ് എക്സ്പോർട്സ് ഡയറക്റ്റർ), അൽക്ക നാരായണൻ ( ഗ്രാഫിക് ഡിസൈനർ) എന്നിവർ മരുമക്കളാണ്.