ഹിമവൽ ഗിരികളിലെ മലയാളി ശോഭ : പ്ലാനറ്റ് മലയാളി

ഹിമവൽ ഗിരികളിലെ  മലയാളി ശോഭ : പ്ലാനറ്റ് മലയാളി

സിൽജി ജെ ടോം
ജോസഫ് സ്കറിയ

ഹിമവൽ സാനുക്കൾക്കരികെ , കോടമഞ്ഞ് പുതച്ച നേപ്പാളിന്റെ ഗിരി ശൃംഗങ്ങളുടെ വന്യ ചാരുതയിൽ കണ്ണും നട്ട്  നിൽക്കുമ്പോഴും ഡാബർ നേപ്പാൾ പ്രൈവറ്റ് ലിമിറ്റഡ്  സപ്ലൈ  ചെയിൻ മേധാവിയുടെ ജോലി  തിരക്കുകളിലായിരിക്കുമ്പോഴും രഞ്ജൻ ജയചന്ദ്രന്റെ മനസ്, വിട്ടു പോന്ന തന്റെ പ്രിയ ഭൂമികയെകുറിച്ച ചിന്തകളുടെ മേച്ചില്പുറങ്ങളിലാവും. നാടിന്റെ സ്പന്ദനങ്ങളെ, വിവാദങ്ങൾ  നിറം കെടുത്തുന്ന അവിടുത്തെ രാഷ്ട്രീയത്തെ കുറിച്ചൊക്കെ പൊള്ളുന്ന പിടച്ചിലുകളിലൂടെ  വിദൂരങ്ങളിലായിരിക്കുമ്പോഴും  ആ മനസും കടന്നുപോകാറുണ്ട്, ഏതൊരു വിദേശ മലയാളിയെയും പോലെ .

വിപ്ലവ ചുവപ്പ് പടർന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയത്തോട് കോളജ് കാലം മുതലേ മമതയുള്ള  രഞ്ജന് കാഠ്‌മണ്ഡു  നൽകുന്ന ഒറ്റപ്പെടലിന്റെ... മൗനത്തിന്റെ ഭാരവും ഏറെ പ്രിയതരം തന്നെ, സർഗ്ഗ വഴികളിലേക്ക് മനസ് പാകപ്പെടുത്താൻ ഈ ഏകാന്തത നല്ലതു തന്നെയെന്ന് രഞ്ജൻ കരുതുന്നു. കഥകളോട് കൂട്ടുകൂടാനും എഴുത്തിന്റെയും വായനയുടെയും ലോകത്ത് അഭിരമിക്കാനും ഇഷ്ടപ്പെടുന്നു നേപ്പാളിൽ നിന്നുള്ള ലോക കേരള സഭാ അംഗം കൂടിയായ രഞ്ജൻ ജയചന്ദ്രൻ.

മലയാളത്തിൽ സ്ഥിരമായി എഴുതുന്നവരിൽ ഒരാളാകണം എന്ന മോഹം ഉള്ളിലേറ്റുന്ന ഈ ഭാഷാ സ്‌നേഹി, എഴുതി പൂർത്തീകരിച്ച ഒരു ചെറുകഥയോ , സ്വയം നട്ട തൈയിൽ ഒരു നാമ്പ് തളിർത്തതോ പോലും  തന്നെ  സന്തോഷിപ്പിക്കുന്നുവെന്ന് മനസ് തുറക്കുമ്പോൾ അദ്ദേഹം നെഞ്ചേറ്റുന്ന വിനയവും ലാളിത്യവും  മനസ് തൊടുന്നു. കൊച്ച് കൊച്ച് കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ,യാത്രകളിൽ മതിമറക്കുന്ന സഞ്ചാരിയായ രഞ്ജൻ ജോലി സംബന്ധമായ തിരക്കുകളുമായി  നേപ്പാളിലെത്തിയിട്ട്  നാലു വർഷമായി. കുടുംബവും ഒപ്പമുണ്ട് .

എവറസ്റ്റ് മഞ്ഞുപുതച്ച്  നിൽക്കുന്ന കാഴ്ച  നൽകുന്ന കുളിർമ പിറന്ന നാടിനെ വിട്ട ഏകാന്തതയിലും മനസിനെ തണുപ്പിക്കുന്നുവെന്ന് രഞ്ജൻ.  മഞ്ഞണിഞ്ഞ മല നിരകൾ സൂര്യരശ്മികളാൽ ചുവന്നു നിൽക്കുന്ന പ്രഭാതങ്ങൾ,  മഞ്ഞുമലകൾ  സായാഹ്ന സൂര്യനാൽ ശോഭിതമാവുന്ന കാഴ്ചകൾ ഒക്കെ മനസിനെ ശാന്തതയുടെ തീരങ്ങളിലേക്ക്, ആശയപരമായ ഔന്നത്യങ്ങളിലേക്ക്  വലിച്ചടുപ്പിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.  

കടന്നു ചെല്ലാം രഞ്ജൻ ജയചന്ദ്രന്റെ വിശേഷങ്ങളിലേക്ക്

നേപ്പാളിലെ മലയാളി സമൂഹത്തെ കുറിച്ച് , അവരുടെ പ്രശ്നങ്ങളെ കുറിച്ച് ?


നേപ്പാളെന്ന കൊച്ചു രാജ്യത്ത് , 20 ഓളം മലയാളി കുടുംബങ്ങളേയുള്ളു. 20  ലക്ഷത്തോളം ഇന്ത്യക്കാർക്കിടയിലാണ് ചുരുങ്ങിയ എണ്ണം മലയാളികൾ . എല്ലാവരും   സ്നേഹസഹകരണത്തോടെ കുടുംബ സുഹൃത്തുക്കളായി ജീവിക്കുന്നു.
ഇടവേളകളിൽ എല്ലാവരുടെരും സൗകര്യാർഥം  ചെറിയ ഒത്തുകൂടലുകൾ ഉണ്ടാവും.
അന്നെല്ലാവർക്കും നാട്ടിലെത്തിയ ഫീലാവും ലഭിക്കുക.
വളരെ കുറച്ചാളുകളെ ഉള്ളു എന്നതുകൊണ്ട് തന്നെ എല്ലാവരും തമ്മിൽ നല്ല അടുപ്പവുമാണ്

കാഠ്മണ്ഡു മലയാളികൾ ഓണാഘോഷത്തിനായ് ഒന്നിച്ചപ്പോൾ



നേപ്പാളിലേക്ക് എത്താനിടയായ സാഹചര്യം?

 16 വർഷമായി പ്രൊക്യൂർമെൻറ് & സപ്ലൈ ചെയിൻ പ്രൊഫഷനലായി  ജോലി ചെയ്യുന്നു.
 ഡാബർ നേപാൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ സപ്ലൈചെയിൻ മേധാവി എന്ന നിലയിലാണ് നേപ്പാളിലെത്തിയത് , നാലു വർഷമായി ഇവിടെ. മുൻപ് കൊച്ചിയിലായിരുന്നു . റിലയൻസിലും കോൾഗേറ്റിലും ജോലി ചെയ്തിരുന്നു .

കാഠ്മണ്ഡുവിലെ ജനതയുടെ   സാംസ്കാരിക പ്രബുദ്ധതയെ  എങ്ങനെ വിലയിരുത്തുന്നു?

സാംസ്ക്കാരികമായി വിലയിരുത്തിയാൽ  ഇനിയൊരു 25 വർഷം തന്നെയെടുത്താലും നമ്മൾ മലയാളികൾ നേപ്പാളികളുടെയൊപ്പം എത്തില്ല എന്ന് തോന്നാറുണ്ട്.
അന്യരോടുള്ള ഇടപെടലുകളിൽ വളരെ പരിഷ്കൃതരാണ് നേപ്പാളികൾ. നേപ്പാളികൾ  മദ്യപിക്കുമെങ്കിലും ഇന്നാട്ടിലെ തെരുവുകളിൽ നിങ്ങൾക്കൊരു മദ്യപാനിയെ കാണാൻ കഴിയുക പ്രയാസമാണ്. നാട്ടിലിതല്ലല്ലോ  സ്ഥിതി.
 ഇവിടെ അമ്പലത്തിൽ പോലും മദ്യം കിട്ടും , ഹോട്ടലുകളിലും കടകളിലും മദ്യം കിട്ടും, എന്നിട്ടും എവിടെയും  മദ്യപാനികളുടെ പേക്കൂത്തുകളില്ല, മദ്യക്കടകളിലൊന്നും യാതൊരു തിരക്കുമില്ല, കുടിക്കുന്നവർ മാന്യത വിടാറുമില്ല, സദാചാര പൊലീസിങ്ങില്ല.

അടിസ്ഥാന സൌകര്യവികസനത്തിൽ നമ്മുടെ കൊച്ചിയുടെ സ്ഥിതിയിലെത്താൻ കാഠ്മണ്ഡുവിന് ഒരുപക്ഷെ ഇനിയൊരു 20 - 25 വർഷങ്ങൾ വേണ്ടി വന്നേക്കാം. റോഡുകളൊക്കെ പൊട്ടിപ്പൊളിഞ്ഞ് നമുക്ക് ചിന്തിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് , നന്നാക്കാറേയില്ല .SUV യോ ജീപ്പോ ഉണ്ടെങ്കിലേ യാത്ര സാധ്യമാവൂ.

നേപ്പാളിലെ സ്ത്രീകൾ എത്രമാത്രം മുന്നേറിയിട്ടുണ്ട് ?

ആരാധനാലയങ്ങളിൽ പൂജാകർമ്മങ്ങൾ ചെയ്യുന്ന സ്ത്രീകൾ ഇവിടെ പതിവ് കാഴ്ചയാണ് .ലോകപ്രശസ്തമായ ഹിന്ദു ക്ഷേത്രങ്ങൾക്ക് പേരുകേട്ട , ഒരുകാലത്ത് ഹിന്ദുത്വത്തിന്റെ പുണ്യ ഭൂമി എന്ന നിലയിൽ അറിയപ്പെട്ട ഇവിടെ സ്ത്രീകൾ പൂജാരിമാരാകുന്നു , യാതൊരു വിലക്കുകളുമില്ല  .  സമാന  വിഷയങ്ങളിൽ നാട്ടിലെ  രാഷ്ട്രീയ/സാമുദായിക സംഘടനകൾ കാലത്തിന് പുറകിലേക്ക് സഞ്ചരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്.

നേപ്പാളിലെ യുവത്വത്തെ കുറിച്ച്  

ഇവിടുത്തെ യുവത പൊതുവെ പ്രബുദ്ധരെന്ന് വിളിക്കാവുന്നവരാണ് . ഇവിടെ ഭൂരിഭാഗം വിവാഹങ്ങളും പ്രണയവിവാഹങ്ങളാണ്. വീട്ടുകാർ കണ്ടെത്തുന്ന വിവാഹങ്ങളില്ല, ചെറുപ്പക്കാർ സ്വയം അവരുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നു. മാട്രിമോണിയൽ സൈറ്റുകളില്ല , സ്ത്രീധനവും ജാതകവുമൊന്നും വിഷയങ്ങളല്ല. ദുരഭിമാനകൊലപാതകങ്ങളുമില്ല. നമ്മൾ ഈ വക വിഷയങ്ങളിലൊക്കെ വളരെ പുറകില്ലല്ലേ.

പ്രകൃതിയുടെ കരവിരുതിൽ അനുഗ്രഹീതമാണല്ലോ നേപ്പാൾ

അതെ, വീടിന്റെ ടെറസിൽ നിന്ന് നോക്കിയാൽ തന്നെ നോക്കെത്താ ദൂരത്തോളം  മലകൾ കാണാം . മനസിനെ പോലും തണുപ്പിക്കുന്ന മഞ്ഞും കോടയും , പിന്നെ പച്ചപ്പാർന്ന പ്രകൃതിയും ആരെയും മോഹിപ്പിക്കും . ഇപ്പോൾ 10 ഡിഗ്രിയാണ് തണുപ്പ് .

ജീവിതത്തെ സ്വാധീനിച്ച വ്യക്തികൾ , ജീവിതവിജയത്തിന്‌ പ്രചോദനം നല്‍കിയ ഘടകങ്ങൾ ?

 അച്ഛന്റെ  കഠിനാദ്ധ്വാനവും അമ്മയുടെ നയചാതുര്യവും കാര്യപ്രാപ്തിയും ജീവിതത്തെ സ്വാധീനിച്ചു.

പ്രതിസന്ധി ഘട്ടങ്ങളിലൂടെ  കടന്നുപോകേണ്ടിവന്നിട്ടുണ്ടോ?

2010 മുതൽ 2014 വരെ  ഏറെ  ക്ലേശങ്ങളിലൂടെ കടന്നുപോയിരുന്നു. സമ്പത്ത് കാലത്ത് മാത്രമല്ല , ആപത്ത് കാലത്തും തൈ പത്ത് വെക്കാവുന്നതാണന്നും, അങ്ങനാണേൽ സമ്പത്ത് കാലത്ത് കൂടുതൽ കായകൾ കിട്ടുമെന്നും സ്വയം പഠിച്ച കാലഘട്ടം

 പ്രതിസന്ധി  സന്ദര്‍ഭങ്ങളെ നേരിട്ടതെങ്ങിനെ?

നിഷ്ക്രിയമായിരിക്കാതെ എപ്പോഴും എന്തിലെങ്കിലും ഏർപെട്ടുകൊണ്ടേയിരിക്കും .
ചെറിയ നേട്ടങ്ങളിൽ പോലും ആനന്ദം കണ്ടെത്തുവാൻ ശ്രമിക്കുന്നു. പൂർത്തീകരിച്ച ഒരു  ചെറുകഥയോ  സ്വയം നട്ട തൈയിൽ ഒരു നാമ്പ് തളിർത്തതോ എന്നിൽ സന്തോഷം നിറയ്ക്കാറുണ്ട്  .അങ്ങനെ കൊച്ച് കൊച്ച് കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി പ്രയാസങ്ങളെ നേരിടുന്നു

താങ്കള്‍ ഇപ്പോള്‍ ആയിരിക്കുന്ന നാട്ടില്‍ ഒരു മലയാളി എന്ന നിലയില്‍ അല്ലെങ്കില്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അവിടുത്തെ രാഷ്‌ട്രീയ, സാമൂഹ്യമേഖലകളില്‍ ഏതെങ്കിലും വിധത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ടോ?.

നേപ്പാളിൽ വളരെ കുറച്ച് മലയാളികൾ മാത്രമുള്ളതുകൊണ്ട് തന്നെ അങ്ങനെ സ്വാധീനം ചെലുത്തുക എന്നതൊന്നും പ്രസക്തമാവുന്നില്ല . KKS എന്നൊരു കൂട്ടായ്മയുണ്ട്. അതിൽ മുതിർന്ന മെമ്പർമാരുണ്ട്.
അവരൊക്കെ ഇവിടെ 35 വർഷത്തിലേറെയായി താമസിക്കുന്നവരാണ്,   കുറച്ചു ചെറുപ്പക്കാരുമുണ്ട്. സ്ഥിര താമസമായവരിൽ നേപ്പാളികളെ വിവാഹം കഴിച്ച് 'യോദ്ധാ' മോഡലിൽ ജീവിക്കുന്നവരുമുണ്ട് .

മലയാളി അസോസിയേഷന്റെ  പ്രസക്തി

നാട്ടിൽനിന്നുമൊക്കെ സാഹസിക/വിനോദ/തീർത്ഥ യാത്രചെയ്തു വരുന്ന മലയാളികൾ ഇവിടെ വന്ന ശേഷം പല ബുദ്ധിമുട്ടുകളിലും പെടാറുണ്ട്. അപകടങ്ങളും ദുരന്തങ്ങളുമുണ്ടായിട്ടുണ്ട്.  അപ്പോഴൊക്കെ KKS കൂട്ടായ്മയിലൂടെ  വേണ്ട സഹായവുമായെത്തും. വളരെ കുറച്ചു മലയാളികൾ മാത്രമേ ഉള്ളു എന്ന കാരണത്താൽ തന്നെ, KKS   കൂട്ടായ്മയും ചെറുതാണ്.ഇത്തവണ ഓണാഘോഷമൊക്കെ  നടത്തിയിരുന്നു .

നാടുമായി ബന്ധമെങ്ങനെ , നാട്ടിലെ രാഷ്‌ട്രീയം, സാമൂഹ്യസാംസ്‌കാരിക പ്രശ്‌നങ്ങള്‍ എന്നിവ ശ്രദ്ധിക്കാറുണ്ടോ.

എനിക്ക് വളരെ വ്യക്തമായ രാഷ്ട്രീയമുള്ളതുകൊണ്ടും, പൌരൻമാർക്ക് രാഷ്ട്രീയ പ്രബുദ്ധത വേണമെന്നു വിശ്വസിക്കുന്നതുകൊണ്ടും തന്നെ, നാട്ടിലെ രാഷ്ട്രീയ സാമൂദായിക പ്രശ്നങ്ങൾ നിരീക്ഷിക്കാറുണ്ട്.
അതിനോടുള്ള പ്രതികരണമായി  വല്ലപ്പോഴുമെങ്കിലും കഥകൾ  എഴുതാറുണ്ട് .

വിഴിഞ്ഞം പോലുള്ള പദ്ധതികൾ വിവാദമായിരിക്കുന്ന സമയമാണല്ലോ ,അതിനെകുറിച്ച് ?

എന്തിലും ഒരു രാഷ്ട്രീയ സാധ്യത കാണുന്നു എന്നതാണ് കേരളത്തിലെ അവസ്ഥ .
അത് സാമ്പത്തിക മാന്ദ്യം, സാമ്പത്തിക ഉണർവ്വ് , K Rail വിഴിഞ്ഞം പോലുള്ള പദ്ധതികളിൽ തുടങ്ങി ജവാൻമാരുടെ വീരമൃത്യു വരെ ഇന്ന് രാഷ്ട്രീയമായ് ഉപയോഗിക്കുവാനുള്ള മൽപിടുത്തമാണ്  രാഷ്ട്രീയ പാർട്ടികൾ തമ്മിൽ നടക്കുന്നത്.
 
മുൻകാലങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയം മാറിയിരിക്കുന്നു ,നാടിൻറെ വികസനത്തിന് രാഷ്ട്രീയം തടസമാകുന്നുണ്ടോ

പണ്ടിങ്ങനെ ആയിരുന്നില്ല. കരുണാകരൻ വിഭാവനം ചെയ്തത് EK നായനാരും, നായനാർ  വിഭാവനം ചെയ്ത പദ്ധതികൾ കരുണാകരനും പൂർത്തീകരിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് നാടിൻറെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികൾക്കെതിരയുള്ള സമരങ്ങളിൽ, രാഷ്ട്രീയ സാധ്യതകൾ മാത്രമാണ് എല്ലാവരും നോക്കുന്നത് . സുവർണ്ണാവസരങ്ങളായി ഇങ്ങനെയുള്ള സാധ്യതകളെ കണ്ട് അതിൽ നിന്നും രാഷ്ട്രീയ ലാഭം കൊയ്യുക എന്നതാണ് ഇപ്പോഴുള്ളവരുടെ  ലക്ഷ്യം  തന്നെ.

വിദേശത്ത് പോയി അതിവേഗപാതയിൽ സഞ്ചരിക്കുമ്പോൾ നാട്ടിലെ ഗതാഗതസൗകര്യങ്ങളെ കുറ്റം പറയുന്നവർ, പക്ഷെ നാട്ടിലങ്ങനെയൊരു പദ്ധതി വന്നാൽ എതിർക്കുന്നു.
ഇതൊക്കെ മുടക്കാൻ എളുപ്പമാണ്, മുഖ്യമന്ത്രിയെ മുട്ട്കുത്തിച്ചൂന്നൊക്കെ fb പോസ്റ്റിടാൻ കഴിഞ്ഞേക്കും.
പക്ഷെ നമ്മളാണവിടെ മുട്ടുകുത്തുന്നത് എന്നും ഓർക്കണം.
അന്താരാഷ്ട്ര കപ്പൽ ചാലിലെ ട്രാൻഷിപ്മെൻറ് പോർട്ടിന്ന് കൊളമ്പോയാണ്, ടെർമിനലിലെ തിരക്ക് കാരണം അവിടെ ബെർത്തിങ്ങ് ലഭിക്കാതെ ചരക്ക് കപ്പലുകൾ വരികിടക്കുന്നത് സാധാരണ സംഭവമാണ്. തിരക്ക് കുറഞ്ഞ ഒരു പോർട്ട് അവിടെ വന്നാൽ ഗതാഗതം സുഗമമാവും.അവിടെയാണ് വിഴിഞ്ഞത്തിൻറെ പ്രസക്തി.
അതിനെതിരെ സമരം ചെയ്താൽ, വിഴിഞ്ഞം ഒരു തീരദേശം മാത്രമായി തുടരും. ഇപ്പോൾ സമരം അവസാനിച്ചു എന്നത് ശുഭകരം തന്നെ, അവിടെ ഒരു പോർട്ട് വരിക തന്നെ ചെയ്യും. മാറ്റം അനിവാര്യമാണല്ലോ.
തീർച്ചയായും തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആകുലതകളും പരിഗണിക്കപ്പെടേണ്ടത് തന്നെയാണ്
 
 നിങ്ങളുടെ  ശക്തി എന്താണ്?

എന്തായാലും  ഒന്നു ശ്രമിച്ഛു നോക്കാൻ തയാറാണ്.
ശ്രമിക്കുമ്പോൾ അത് വൃത്തിയോടെയും  ചിട്ടയോടെയും കൂടുതൽ മെച്ചമായ് ചെയ്യുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.

  അവാർഡുകൾ , മറ്റ് നേട്ടങ്ങൾ

വർഷത്തിൽ ഒന്നോ രണ്ടോ ചെറുകഥകൾ മലയാളത്തിലെഴുതാറുണ്ട്.
2016ൽ പൊൻകുന്നം വർക്കി സ്മാരക സ്പെഷൽ ജ്യൂറി അവാർഡ് ലഭിച്ചിരുന്നു.
ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ട്, ആകാശവാണിയിൽ കഥ വായിക്കാറുണ്ട്.

വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ താങ്കളിലെ വ്യക്തിത്വരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ടോ?

വളർന്നുവന്ന സാഹചര്യങ്ങൾ എല്ലാവരെയുമെന്ന പോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്.
എൻറെ കുട്ടിക്കാലത്ത് അഛന് വാൽപാറയിലായിരുന്നു ജോലി.
അവിടുത്തെ സ്കൂൾ സൌകര്യങ്ങളൊക്കെ പരിമിതമായതുകൊണ്ട്   കോട്ടയത്ത് അമ്മവീട്ടിലായിരുന്നു വളർന്നതും പഠിച്ചതും. വളരെ ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്നും അകന്നു കഴിയുന്നതിൻറേതായ ഗുണവും ദോഷവുമുണ്ട്.
ആരെയും ആശ്രയിക്കാതെ സ്വയം കാര്യങ്ങളൊക്കെ ചെയ്യാൻ ശീലിക്കും എന്നതാണ്
ഇതിൽ പ്രധാനമായ ഗുണം.പക്ഷെ ആ വിരഹം  സൃഷ്ടിക്കുന്ന ഏകാന്തത പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.എന്നാലും
അമ്മയുടെ കത്തുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പൊക്കെ ഇന്നൊരു സുഖമുള്ള ഓർമ്മയാണ്.
ഇൻലൻറിലെ മഷിയിൽപോലും ഞാൻ അമ്മയുടെ ഗന്ധം തിരയുമായിരുന്നു.

കുടുംബത്തെ കുറിച്ച്

അച്ചനും അമ്മയും കോട്ടയത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നു. കോട്ടയം പാക്കീൽ ആണ് വീട് .  
ഭാര്യ ശാലിനി ഹോമിയോ ഡോക്ടറാണ്.
മകൻ കരൺ കാഠ്മണ്ഡു ഇന്ത്യൻ എംബസിയിലെ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു.

ഇഷ്ടമുള്ള ഹോബീസ്, ഭക്ഷണം , താൽപ്പര്യങ്ങൾ.

പുസ്തകം വായിക്കുന്നതും, സിനിമകളും വെബ്സീരിസുകളും കാണുന്നതുമൊക്കെയാണ്  ഹോബീസ്.
ഗോതമ്പു ദോശയൊഴികെയുള്ള എല്ലാ ഭക്ഷണവുമിഷ്ടമാണ്.
ഇവിടെ കാഠ്മണ്ഡുവിലെ മലയാളി സുഹൃത്ത് അബ്ദുള്ളയുടെ മലബാർ  ബിരിയാണി പ്രത്യേകം എടുത്തു പറയേണ്ടത്രയും ഇഷ്ടമുള്ളതാണ്.  

 ഇനിയും പൂര്‍ത്തീകരിക്കുവാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും സ്വപ്നങ്ങളുണ്ടോ?

മലയാളത്തിൽ സ്ഥിരമായ് എഴുതുന്നവരിലൊരാളാവണം. ഒരു കഥാസമാഹാരം ഇറക്കണം , ഒരു നോവലെഴുതണമെന്ന് ആഗ്രഹമുണ്ട് 

ജീവിതവഴികളിൽ മുന്നേറാൻ, പ്രൊഫഷണൽ വഴികളിൽ തിളങ്ങാൻ രഞ്ജൻ ജയചന്ദ്രന് ആശംസകൾ .



കവർ ചിത്രം- കുടുംബത്തിനൊപ്പം  ടെൻസിങ്-  ഹിലാരി പാർക്ക് സന്ദർശിച്ചപ്പോൾ.: 
ഇവിടെ നിന്നുമാണ് ഹിലാരി ടെൻസിങിനൊപ്പം എവറസ്റ്റ് ട്രക്കിങ്ങ് ആരംഭിച്ചത്.
അവർ അന്നു തങ്ങിയ ഹോട്ടലാണ് പശ്ചാത്തലത്തിൽ.