തടവുപുള്ളിക്കുമുണ്ട് മൗലികാവകാശങ്ങൾ: പരോള്‍ അനുവദിച്ച്‌ ഹൈക്കോടതി

തടവുപുള്ളിക്കുമുണ്ട്  മൗലികാവകാശങ്ങൾ: പരോള്‍ അനുവദിച്ച്‌ ഹൈക്കോടതി

ന്യൂഡല്‍ഹി: സന്താനോല്‍പ്പാദനവും രക്ഷാകര്‍തൃത്വവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കുറ്റവാളിയുടെ മൗലികാവകാശമാണെന്ന് ഡല്‍ഹി ഹൈക്കോടതി.ശിക്ഷിക്കപ്പെടുന്നതും ജയിലില്‍ കിടക്കുന്നതും വിവാഹ ജീവിതത്തിന്റെ പല വശങ്ങളെ പരിമിതപ്പെടുത്തുമെന്നും എന്നാല്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം കുറ്റവാളിക്ക് പരോള്‍ നിഷേധിക്കുന്നത് അവന്റെ ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതുകൂടി കോടതികള്‍ പരിഗണിക്കണമെന്നും ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ വ്യക്തമാക്കി

ഇത് കേവലമായ അവകാശമല്ലെന്നും സന്ദര്‍ഭത്തിന് ആശ്രയിച്ചാണെന്നും തടവുകാരന്റെ രക്ഷാകര്‍തൃ പദവി, പ്രായം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച്‌ വ്യക്തിഗത അവകാശങ്ങളും വിശാലമായ സാമൂഹിക പരിഗണനകളും തമ്മിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ സംരക്ഷിക്കാന്‍ ന്യായവും നീതിയുക്തവുമായ സമീപനം സ്വീകരിക്കണമെന്നും ജസ്റ്റിസ് ശര്‍മ്മ വ്യക്തമാക്കി.

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന കുന്ദന്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ശര്‍മ. 14 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. പ്രതിക്ക് 41 വയസ്സും ഭാര്യക്ക് 38 വയസ്സും പ്രായമുണ്ടെന്നും പ്രത്യുല്‍പ്പാദനത്തിലൂടെ തങ്ങളുടെ വംശം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഐവിഎഫ് വഴി ഒരു കുട്ടിയെ വേണമെന്നും ഇതിനായി പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും പരോള്‍ നിരസിക്കുകയായിരുന്നു.

2018ലെ ജയില്‍ ചട്ടങ്ങള്‍ പ്രകാരം പരോളിന്റെ വ്യവസ്ഥയില്‍ സന്താനോല്‍പ്പാദനം പറയുന്നില്ലെങ്കിലും ഭരണഘടനാപരമായ മൗലികാവകാശമായി കരുതി പരോള്‍ അനുവദിക്കുന്നതിനെ തടയാനാവില്ലെന്നും കോടതി പറഞ്ഞു. നിബന്ധനകളോടെ നാല് ആഴ്ചയാണ് സിംഗിന് കോടതി പരോള്‍ അനുവദിച്ചത്.