ഹേമന്ത് സോറന്‍ അറസ്റ്റില്‍; പിന്നാലെ രാജി; ചംപായ് സോറന്‍ പുതിയ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ഹേമന്ത് സോറന്‍ അറസ്റ്റില്‍;  പിന്നാലെ രാജി; ചംപായ് സോറന്‍ പുതിയ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
റാഞ്ചി: കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ഭൂമി തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) ഏഴംഗ സംഘം റാഞ്ചിയിലെ വസതിയില്‍ എത്തിയിരുന്നു. കസ്റ്റഡിയിലായതിന് പിന്നാലെ സോറൻ മുഖ്യമന്ത്രി പദവി രാജിവച്ചു. ഇഡി ഉദ്യോഗസ്ഥർക്കൊപ്പമാണ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. ഗതാഗത മന്ത്രിയായ ചംപായ് സോറനെ പുതിയ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചു.

നേരത്തെ, ഹേമന്ത് സോറന്‍ അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തിന്‍റെ ഭാര്യ കല്‍പന സോറന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 43 എംഎല്‍എമാരുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ചമ്ബായി സോറൻ ഗവർണർക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനും സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇ.ഡി ഓഫിസിനു സമീപം 100 മീറ്റര്‍ പരിധിയിലും നിരോധനാജ്ഞയാണ്. സർക്കാർ വീഴാതിരിക്കാൻ ജെഎംഎം എംഎല്‍എമാരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനും ശ്രമം തുടങ്ങി