മിഗ്ജോം ചുഴലിക്കൊടുങ്കാറ്റ് തീരം തൊട്ടു; ആന്ധ്രയില്‍ കനത്ത മഴ

മിഗ്ജോം ചുഴലിക്കൊടുങ്കാറ്റ് തീരം തൊട്ടു; ആന്ധ്രയില്‍ കനത്ത മഴ

മരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഗ്ജോം ചുഴലിക്കൊടുങ്കാറ്റ് തീരം തൊട്ടു. ഉച്ചക്ക് ഒന്നരയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയില്‍ ബാപട്‍ലക്കു സമീപമാണ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രാ തീരം തൊട്ടത്.

തീരം തൊടുമ്ബോള്‍ മണിക്കൂറില്‍ 110 കിലോമീറ്ററായിരുന്നു ചുഴലിക്കൊടുങ്കാറ്റിന്‍റെ വേഗത.

അതേസമയം, ചുഴലിക്കൊടുങ്കാറ്റ് തീരം തൊട്ടതിന് പിന്നാലെ ആന്ധ്രയില്‍ കനത്ത മഴ പെയ്യുകയാണ്. മൂന്നു ദിവസം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്ത്ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊണസീമ, കാക്കിനഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. മുൻകരുതലിന്‍റെ ഭാഗമായി പതിനായിരത്തോളം പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചത്.

ആന്ധ്ര കൂടാതെ, വടക്കൻ തമിഴ്നാട്ടിലും ഒഡീഷയിലും പുതുച്ചേരിയിലുംകനത്ത ജാഗ്രതയാണുള്ളത്. ഒഡീഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഗജപതി, ഗൻജം, പുരി, ജഗത്സിങ് പൂര്‍ എന്നീ പ്രദേശങ്ങളില്‍ പ്രവേശിക്കുമ്ബോള്‍ 35-45 മുതല്‍ 55 വരെ വേഗത ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തുടര്‍ന്ന് 40-50 മുതല്‍ 60 കിലോമീറ്റര്‍ വരെ കാറ്റിന്‍റെ വേഗത വര്‍ധിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ചെന്നൈ നഗരം കടുത്ത ദുരിതത്തിലാണ്. താഴ്ന്ന പല മേഖലകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.