സാധാരണക്കാർക്ക് വീണ്ടും പ്രഹരം; ഡൽഹിയിൽ സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു
ഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെ ബാധിച്ചതോടെ രാജ്യതലസ്ഥാനത്ത് സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു. കിലോയ്ക്ക് ഒരു രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം സിഎൻജി വിലയിൽ രണ്ട് രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ ഒരുകിലോഗ്രാം സിഎന്‍ജിയുടെ വില 76.59 ആയി. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഒരു കിലോ സിഎൻജിക്ക് 82.20 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്.
ആഗോള വിപണിയിൽ പ്രകൃതിദത്ത വാതകത്തിന്റെ വിലയിലുണ്ടായ വർദ്ധനവും വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളുമാണ് വില കൂട്ടാൻ കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി വിതരണത്തെ ബാധിക്കുമെന്ന ആശങ്കയും വിപണിയിൽ വില ഉയരാൻ കാരണമായി. സിഎൻജിക്ക് പുറമെ പെട്രോൾ, ഡീസൽ വിലയിലും വലിയ വർദ്ധനവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.