പ്രസ് ക്ലബ് സമ്മേളനത്തിലെ  ഓൾ  ഇൻ ഓൾ; നന്ദി കാര്‍ലോസ് മാഡ്രിഡ്

പ്രസ് ക്ലബ് സമ്മേളനത്തിലെ  ഓൾ  ഇൻ ഓൾ; നന്ദി കാര്‍ലോസ് മാഡ്രിഡ്


ജോർജ് തുമ്പയിൽ
മയാമി: കാര്‍ലോസ് മാഡ്രിഡ്!

 ഇന്ത്യ പ്രസ് ക്ലബ്  അന്താരാഷ്ട്ര കോണ്‍ഫറന്‍സിലെ ഏറ്റവും വേണ്ടപ്പെട്ടവനായി മാറിയ ക്യൂബക്കാരന്‍!

കാര്‍ളോസ് (ളോക്ക് പ്രാധാന്യം- 'ല' അല്ല) ഫ്രീമാന്‍ എന്നര്‍ത്ഥം. മാഡ്രിഡ് എന്നല്ല മാഡ്രിത്ത് (Madrith) എന്ന് വേണം സ്പാനീഷില്‍ പറയാന്‍.

പക്ഷെ മുകളില്‍ പറഞ്ഞതുപോലെയല്ല ആ പേര്. 5 പ്രാവശ്യം  ചോദിക്കേണ്ടി വന്നു. തിരിച്ചും, മറിച്ചും, ഗുണിച്ചും, ഹരിച്ചും.
ലാസ്റ്റ് നെയിമിന് ' മാഡ്രിഡ് ' എന്ന പേര് വന്നതും കൗതുകമായി. സ്‌പെയിനിന്റെ തലസ്ഥാനമാണോ എന്നാദ്യം (അതു തന്നെ.-സ്‌പെയിനിന്റെ തലസ്ഥാനം), അവസാനം അടുത്തു നിന്ന മെഡിറ്ററേനിയന്‍ കണ്ണുകളും ഫീച്ചറുകളും ഉള്ള സോഫിയ വ്യക്തമായി പറഞ്ഞു. മാഡ്രിഡ് തന്നെ. മാഡ്രിസ് വരെയെത്താനും കുറെ സമയമെടുത്തു.

കാര്‍ലോസ് ബാങ്ക്വെറ്റ് മാനേജര്‍ ആണെന്നതായിരുന്നു ഏറ്റവും വലിയ അത്ഭുതം. ഇംഗ്ലീഷിലെ ഒരൊറ്റവാക്കും കാര്‍ലോസിന്റെ നിഘണ്ടുവിലില്ല. മയാമിയില്‍ ജീവിക്കുന്ന ഒരു 70 ശതമാനം ആള്‍ക്കാരും ക്യൂബക്കാര്‍ തന്നെ. ഹോളിഡെ ഇന്‍ പോലത്തെ ഒരു ഹോട്ടലിലെ ബാങ്ക്വെറ്റ് മാനേജര്‍ വരെ എത്തിപ്പെടുക എന്നത് ദുഷ്‌ക്കരമല്ലെങ്കിലും, അത്ര എളുപ്പമല്ലല്ലോ? കാര്‍ലോസിന്റെ തടിയും തണ്ടുമായിരിക്കാം അദ്ദേഹത്തിന് ഈ പൊസിഷന്‍ സമ്മാനിച്ചത്.

തേടിയ വള്ളി കാലില്‍ ചുറ്റിയ അനുഭവമായിരുന്നു പിന്നീടുണ്ടായത്. ബാങ്ക്വെറ്റ് മാനേജര്‍ എന്ന നിലയിലുള്ള കാര്‍ലോസിന്റെ വൈദഗ്ദ്യം അസാധാരണമായിരുന്നു.  


ഹാളിലെ ഫുഡ്/ട്രെ, കപ്പുകള്‍, പ്ലെയിറ്റ്, മറ്റ് യൂട്ടന്‍സിലുകൾ, മേശയില്‍ നിന്ന് ഭക്ഷണം കഴിഞ്ഞവരുടെ ബാക്കി സാധനങ്ങള്‍, കുറെ അധികം ദൂരമുള്ള കണ്ടെയ്‌നറുകളില്‍ കൊണ്ടുപോയി ഇടുക, ആവശ്യമായ ക്ലീനിംഗ് നടത്തുക, കൂട്ടത്തിലുള്ള പത്തോളം പേര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക (സോഫിയ ഒഴിച്ച് ഒരൊറ്റ ആള്‍ക്കു പോലും ഇംഗ്ലീഷ് മാലൂം നഹിം- ഇവരെങ്ങിനെ ഇവിടെ പിടിച്ചു നില്‍ക്കുന്നു എന്നത് ലോകത്തെ 9-ാമത്തെ അത്ഭുതമായി തന്നെ നിലനിനിൽക്കുന്നു !), ഭിത്തിയിലും മറ്റും താല്‍ക്കാലികമായി ടേപ്പില്‍ ഒട്ടിച്ചിരിക്കുന്ന ഐപിസിഎന്‍എ-യുടെ പല തരത്തിലുമുള്ള ബാനറുകള്‍ കൃത്യതയോടെ ഒട്ടിക്കുക, സ്‌റ്റേജിലെ കോണ്‍ക്ലേവ് സ്‌റ്റൈലിലുള്ള സീറ്റിംഗിനായി വലിയ സോഫകള്‍ എടുത്ത് കൊണ്ടു വരിക, സ്റ്റേജില്‍ ഇരിക്കുന്നവര്‍ക്ക് വെള്ളം എത്തിച്ച് കൊടുക്കുക തുടങ്ങി A  മുതല്‍ Z വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും പ്രതിവിധി ആയ കാര്‍ലോസ് മാഡ്രിഡ്.

ഒരു കുഴപ്പമേ ഉണ്ടായിരുന്നുളളൂ എന്ന് നേരത്തേ പറഞ്ഞിരുന്നു-ഒരക്ഷരം പോലും ഇംഗ്ലീഷില്‍ പറയാനറിയാത്ത ആളായിരുന്നല്ലോ കാര്‍ലോസ്. ചക്കെന്നു ചോദിച്ചാല്‍ കൊക്കെന്ന് കേള്‍ക്കുന്ന പ്രകൃതം- ഇന്നലെ ക്യൂബേന്ന്   വന്നപോലെ. പക്ഷെ വന്നിട്ട് വര്‍ഷങ്ങളായി-ഹോളിഡേ ഇന്‍ എന്ന പേര് പോലും ഉച്ചരിക്കാനറിയാത്ത പാവം-പാവം ക്യൂബക്കാരന്‍!

കുറെ പ്രാവശ്യം ട്രൈ ചെയ്തു. ബാങ്ക്വെറ്റ് മാനേജര്‍ ആണല്ലോ എന്ന് കരുതി കീശയിലുള്ളതെല്ലാം മുമ്പിലേക്കിട്ട് കൊടുത്തു. ഇദ്ദേഹത്തെ കൊള്ളാമല്ലോ എന്ന് കരുതി നേരത്തെ ദ്വിഭാഷി ആയി വന്ന സോഫിയയെ കണ്ടുപിടിച്ച് നമ്മുടെ പത്രത്തില്‍ ഒരു ഐറ്റം കൊടുക്കാം എന്ന് പറഞ്ഞപ്പോഴുണ്ടായ ആ മുഖത്തെ ഒരു പ്രസന്നത- ആ ഒരു ഗ്രേസ് ഫുള്‍ ലുക്ക്- ഇന്നേ വരെ ലേഖകന്‍ മറ്റൊരിടത്തും ഇന്നേ വരെ കണ്ടിട്ടില്ല. ആ ഒരു മുഖശ്രീ!

ദ്വിഭാഷി ആയി വന്ന സോഫിയക്കും, പറഞ്ഞതുപോലെ, വലിയ ഇംഗ്ലീഷ് പരിജ്ഞാനം ഒന്നുമില്ല. പക്ഷെ തമ്മില്‍ ഭേദമാണല്ലോ തൊമ്മന്‍.   ഇതച്ചടിച്ചു വരുമ്പോള്‍,  ഹോളിഡേ ഇൻ വെസ്റ്റിലേക്ക് അയച്ചുകൊടുക്കണമെന്നത് 15 മിനിട്ടോളം എടുത്താണ് മനസിലാക്കിയത്.

പിന്നീടുള്ള ദിവസങ്ങളില്‍ ഉപചാരപൂര്‍വ്വം, ദൂരെ കണ്ട പാടേ ഓടി വന്ന് കെട്ടിപ്പിടിക്കും, എന്താണ് വേണ്ടതെന്ന് തിരക്കാന്‍.

കാര്‍ളോസ് വെരുമൊരു ക്യൂബക്കാരന്‍ മാത്രമല്ല. ഒരു ഫിഡല്‍ കാസ്‌ട്രോയാണ് അദ്ദേഹം! ഫീഡല്‍ കാസ്‌ട്രോക്ക് സ്തുതി!!

ഇനി ഇത് അച്ചടിച്ച് വരുമ്പോഴേക്കും ഇനിയൊരിക്കലും പോകാനിടയില്ലാത്ത (എന്ന് പറയാനൊക്കില്ല, ഐപിസിഎന്‍എയുടെ മറ്റൊരു കോണ്‍ഫറന്‍സ് മയാമിയില്‍ നടക്കുന്ന കാലം വരെയും) ആ ഹോട്ടലിന്റെ റിസപ്ഷനില്‍ ഒരു കവര്‍ കാണും-

അത് കാര്‍ലോസിനുള്ളതാണ്-അല്ല ഫീഡല്‍ കാസ്‌ട്രോക്ക് മാത്രമാണ്.

വീണ്ടും, ഫീഡല്‍ കാസ്‌ട്രോക്ക് സ്തുതി.

സോഫിയായ്ക്കും!