അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണത്തിനായി ബോയിങ് അധികൃതർ ഇന്ത്യയിലെത്തി

Jun 16, 2025 - 18:31
 0  4
അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണത്തിനായി ബോയിങ് അധികൃതർ ഇന്ത്യയിലെത്തി

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനദുരന്തം അന്വേഷിക്കാൻ ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ബോയിങ് വിദഗ്ധർ വൈകാതെ അപകടസ്ഥലം സന്ദർശിക്കും. ജൂൺ 12ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേരടക്കം 270 ലധികം പേർ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായും തക‌രുകയും ചെയ്തു. വിമാന അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനം അമേരിക്കൻ നിർമിതമായതിനാൽ അമേരിക്കൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് രാജ്യാന്തര പ്രോട്ടോക്കോളുകൾക്ക് കീഴിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ബോയിങ് 787-8 ഡ്രീംലൈനർ 2023 ജൂണിൽ സമഗ്രമായ അറ്റകുറ്റപ്പണി പരിശോധനകൾക്ക് വിധേയമായിരുന്നതായാണ് അധികൃതർ പറയുന്നത്. ഡിസംബറിൽ അടുത്തഘട്ട പരിശോധനയും ഷെ‍ഡ്യൂൾ ചെയ്തിരുന്നുവെന്നും എയർലൈൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതിനിടെ എയർ ഇന്ത്യയുടെ ബോയിങ് 787-8, 787-9 വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കാൻ ഡിജിസിഎ ഉത്തരവിട്ടു.