വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പാക് സൈനികന്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വായില്‍ തെഹ്‌റീക്-ഇ-താലിബാന്‍ (ടിടിപി) തീവ്രവാദികളുമായി ഉണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പാകിസ്ഥാനി സൈനികനായ മേജര്‍ മോയിസ് അബ്ബാസ് ഷായാണ് കൊല്ലപ്പെട്ടത്.
11 തീവ്രവാദികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ മരിച്ചതായി സൈന്യം ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പാകിസ്ഥാനിലെ തെക്കന്‍ വെസിരിസ്താന്‍ ജില്ലയിലാണ് സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടിയത്.
2019-ല്‍ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞത് അഭിനന്ദന്‍ വര്‍ധമാൻ ഉള്‍പ്പെടെയുള്ള വ്യോമസേനാ സംഘമാണ്. ഇതിനിടെ മിഗ് വിമാനം തകര്‍ന്നാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടത്. പിന്നീട് ദിവസങ്ങൾക്ക് ശേഷം അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയിരുന്നു.