അഹമ്മദാബാദ് വിമാന അപകടം; ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ട്

Jun 19, 2025 - 12:04
 0  6
അഹമ്മദാബാദ് വിമാന അപകടം; ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി ;  അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാറുള്ളതിനാല്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അമേരിക്കയിലേക്ക് അയക്കേണ്ടി വരുമെന്നു സൂചന. ബ്ലാക് ബോക്‌സിന്റെ ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് പറ്റിയത്. തകരാറ് സംഭവിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ സംവിധാനങ്ങള്‍ വഴി ഡാറ്റ വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിവരങ്ങള്‍ വീണ്ടെടുക്കാനും കൂടുതല്‍ പരിശോധനയ്ക്കും വേണ്ടി ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ അന്തിമ തീരുമാനം എടുത്തേക്കും.

കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (സി വി ആര്‍), ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ് ഡി ആര്‍) എന്നീ രണ്ട് ഉപകരണങ്ങള്‍ ചേര്‍ന്നതാണ് ബ്ലാക്ക് ബോക്‌സ്. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് തകരാറുണ്ടായത്.

ബ്ലാക്ക് ബോക്‌സ് വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലേക്ക് പരിശോധനയ്ക്കായി അയച്ചേക്കുമെന്നാണ് വിവരം.

ബ്ലാക്ക് ബോക്‌സ് യുഎസിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം ബ്ലാക്ക് ബോക്‌സിനൊപ്പം പോകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.