അങ്ങനെയും ഉണ്ടായിരുന്നു ഇവിടെ ഒരു കാലം!

കടപ്പാട് : ഷാജി പണിക്കർ
പുലയനെ ചെളിയിൽ ചവിട്ടി താഴ്ത്തി അതിന്റെ പുറത്തു വരമ്പ് കുത്തിയ കഥ പപ്പൻ കേട്ടിട്ടുണ്ട് .വരമ്പിനു ഇരുമ്പിന്റെ കരുത്ത് കിട്ടുമത്രേ . ഒരു വെള്ളപ്പൊക്കത്തിലും ഒലിച്ചുപോകാത്ത കരുത്ത് ... അപ്പൻ ചാത്തൻ ഒരിക്കൽ കഷ്ട്ടിച്ചു രക്ഷപെട്ടതാണത്രേ .. അങ്ങിനെയും ഉണ്ടായിരുന്നു ഒരു കാലം.
വയസ്സു നൂറു കഴിഞ്ഞു എങ്കിലും ഓർമ്മ പോയിട്ടില്ല .
അന്ന് പാടം മുഴുവൻ നായന്മാരുടെ ആരുന്നു, തമ്പ്രാന്മാർ. വലിയ വീട്ടിലെ കൊച്ചു കൊച്ചു പിള്ളാര് പോലും എടാ പപ്പാ എന്നേ വിളിക്കൂ, എന്താ കൊച്ചമ്പ്രാ എന്ന് വിളികേൾക്കണം.
പുലയനെ കെട്ടിയിട്ടു തല്ലാൻ തംബ്രാക്കൾക്കു അധികാരം ഉണ്ട് . ക്രിസ്ത്യാനികളും ഉണ്ട് കൃഷിക്കാർ. അവർക്കു സംസാരത്തിൽ അൽപ്പം മര്യാദ ഉണ്ടാരുന്നു. പെരുമാറ്റത്തിൽ എല്ലാം ഒന്ന് പോലെ .
കൃഷിചെയ്യുന്നത് നായന്മാർ ആണേലും കൂടുതൽ പാടങ്ങളും മങ്കൊമ്പിൽ പട്ടന്മാരുടെ ആയിരുന്നു. കൃഷിക്ക് പണം കടംകൊടുക്കാൻ തമിഴ്നാട്ടിൽ നിന്ന് വന്ന ബ്ലേഡ് പലിശക്കാർ . അവർ ഒടുവിൽ കുട്ടനാട്ടിൽ താമസം ആയി
അവര് വന്ന പാണ്ടിനാട്ടിലെ ഗ്രാമത്തിന്റെ പേര് തന്നെ ഇവിടെയും ഇട്ടു. മങ്കൊമ്പ് .
. നായന്മാർക്ക് കൊടുത്ത പണം തിരിച്ചു കിട്ടാതെ ആയപ്പോൾ കോടതിയിൽ പ്പോയി നിലം മുഴുവൻ പിടിച്ചെടുത്തു. പിടിച്ചെടുത്ത നിലം നായർക്കും , ക്രിസ്ത്യാനിക്കും, ഈഴവനും പാട്ടത്തിനു കൊടുത്തു . മെയ്യനങ്ങാതെ കാശുണ്ടാക്കി.കൊള്ളപ്പലിശക്കാര്യത്തിൽ മുത്തൂറ്റിന്റെ ഒക്കെ അപ്പന്റമ്മന്റാശാന്മാർ .
നേരംപുലർന്നാൽ അസ്തമിക്കുവോളം പണി . ഭാര്യയും മക്കളും ഉണ്ടാവും കൂടെ. പോകാൻ നേരത്തു കൂലി നെല്ല് കിട്ടും, അത് കൊണ്ടുപോയി കുത്തി അരിയാക്കിയിട്ടുവേണം അന്നന്നത്തേക്കു കഞ്ഞി വെക്കാൻ.
പാടത്തു പണിയില്ലാത്ത കാലത്തു പട്ടിണി തന്നെ . അപ്പോൾ വീശാൻ പോകും , ഒറ്റാൻ പോകും, , തെറ്റാലിയുമായി ഇറങ്ങും , എന്തിനെ കിട്ടിയാലും ഉപ്പും മുളകും ഇട്ടു വേവിച്ചു തിന്നും .
മഴക്കാലം കഴിഞ്ഞാൽ കൃഷി തുടങ്ങുക ആയി പതിനാറില ചക്രംവെച്ചു വെച്ച് രാപ്പകൽ ചവിട്ടി പാടത്തെ വെള്ളം പറ്റിക്കണം . കാലു നീരുവെച്ചു വീർക്കും പക്ഷെ വിശ്രമിക്കാൻ സമയം ഇല്ല അനുവാദവും ഇല്ല .. പുലയന്റെ ചക്രപ്പാട്ടിന്റെ അലയടികൾ രാത്രിമുഴുവൻ അന്തരീക്ഷത്തിൽ അലയടിക്കും .
"ഏനും എന്റളിയനും കുന്നനും, ചാത്തനും
പുല്ലനും കൂടെ പുഞ്ചപ്പാടം കൊയ്യാൻ പോയെ
അവിടെവെച്ചാളിയനെ തവള കടിച്ചേ"
പാടം പറ്റിക്കഴിഞ്ഞാൽ ഉഴവുകാർ ഇറങ്ങും , പോത്തുകളെ പൂട്ടിയ നുകവും കലപ്പയും ആയി ഉഴുതു മറിക്കാൻ . കൂടുതലും ക്രിസ്ത്യാനികൾ . അപ്പോളും പുലയന് വിശ്രമം ഇല്ല .
വിത്തിനിട്ട നെല്ല്, പുലയി നെയ്ത വിത്ത് വട്ടികളിൽ ആക്കി ആറ്റിൽ മുളപ്പിക്കാൻ ഇടണം. ഉഴുതിട്ട പാടം നിരപ്പാക്കണം. കിളുപ്പിച്ച വിത്ത് കൃത്യതയോടെ പാകണം , പറിച്ചു നടണം, കള പറിക്കണം വളമിടണം , ചാഴി അടിക്കണം, ചക്രം ചവിട്ടി , കൃത്യമായി വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യണം .
ഒടുവിൽ നെല്മണികൾ മൂത്തു പാടം മുഴുവൻ സ്വർണം നിറയുമ്പോൾ കൊയ്യണം , കറ്റ കെട്ടണം , തമ്പ്രാന്റെ കളത്തിൽ എത്തിക്കണം , അതിനു കാവൽ ഇരിക്കണം . ഒടുവിൽ മെതിച്ചു , പതിര് പിടിച്ചു അളന്നു തമ്പ്രാന്റെ അറയിൽ ഇടണം. ഒടുവിൽ എന്തോ വലിയ സൗജന്യം ചെയ്യുന്ന പോലെ നക്കാപ്പിച്ച ആയി എന്തെങ്കിലും കിട്ടും. ഒന്നിനും കണക്കില്ല .കിട്ടിയത് ഒരുപാട് നാളത്തേക്കുമില്ല ..
തംബ്രാന് നെല്ലുണക്കാൻ ചിക്കു പായ നെയ്യും .
കൈതോല ചീകി , വളച്ചു കെട്ടി , വെയിലത്തു ഇട്ടുണക്കി പതം വരുത്തി നെയ്‌തെടുക്കുന്ന നൂറു പറ കൊള്ളുന്ന കൂറ്റൻ പായകൾ. കിടക്കാനുള്ള തഴപ്പാ നെയ്യും , വട്ടിപ്പുല്ലിൽ നിന്ന് മാർദവം ഉള്ള മെത്തപ്പായകൾ , കുട്ടകൾ, വട്ടികൾ, മുറങ്ങൾ എല്ലാം ഉണ്ടാക്കും ജോലിക്കു കൂലി പഴങ്കഞ്ഞി. അതും നിലത്തു കുഴികുത്തി അതിൽ വാട്ടിയ വാഴ ഇല ഇട്ടു അതിനുള്ളിൽ .അല്ല എങ്കിൽ കവുങ്ങിൽ പാള കുത്തി ഉണ്ടാക്കിയ പാത്രം കൊണ്ടുവരണം. എന്നാലും കുടില് മേയാൻ രണ്ടു ഓല ചോദിക്കുമ്പോൾ മുഖം കറുക്കും.
ഗർഭിണി ആയ പുലയി ജോലിചെയ്യന്നതിന്റെ ഇടയ്ക്കു വരമ്പത്തു കയറി പ്രസവിക്കും. കൊച്ചിന് മുല കൊടുത്തിട്ടു അന്ന് തന്നെ ജോലിക്കു തിരികെ ഇറങ്ങും, അല്ലേൽ ഇറക്കും . പെലക്ടാത്തന്മാർ നെല്ലുപോലെ, ചേറിൽ വളരും. വളർന്നു വലുതായി അടിമകളുടെ എണ്ണം കൂട്ടും.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞു ഗുരുസാമി വന്നിട്ടും ആരും പുലയനെ കൂടെ ചേർത്തില്ല. ഈഴവനു നായർക്ക് തുല്യർ ആകണം എന്നാരുന്നു അല്ലാതെ അവരുടെ താഴെയുള്ളവനെ കൂടെ നിർത്തണം എന്നായിരുന്നില്ല.
അതാണല്ലോ ക്ഷേത്രപ്രവേശനം ഈഴവർക്ക് വരെ മതി എന്ന് ചിലര് വാശി പിടിച്ചത്.
ഗുരുസാമിയെക്കാണാൻ പോയ കുറച്ചു കുറവരെ ചോവന്മാർ ദൂരെ നിർത്തിച്ചു. ഗുരുസാമിക്ക് അതിൽ സങ്കടം ഉണ്ടാരുന്നു.
അങ്ങ് തെക്കെങ്ങോ ഒരു പുലയൻ അയ്യങ്കാളി സവര്ണര്ക്ക് എതിരെ പൊരുതിയ കഥയൊക്കെ ആരൊക്കെയോ പറഞ്ഞിരുന്നു . അതൊന്നും കുട്ടനാട്ടിൽ ഞങ്ങള് വിശ്വസിച്ചില്ല. നായരോട് പൊരുതാൻ പുലയനോ നല്ലകഥ.. തെങ്ങിൽ പിടിച്ചുകെട്ടി കുലാഞ്ഞിലിനു പെട കിട്ടാതിരിക്കുമോ?
പിന്നെ ചേട്ടന്മാർ വന്നു . നിന്നെ പള്ളീല് കയറ്റാമെടാ എന്ന് പറഞ്ഞു കൊണ്ട്. അങ്ങിനെ കുട്ടൻ പറയൻ മാമോദീസ മുങ്ങി ഫ്രാൻസിസ് ആയി. കുട്ടൻ പറയൻ പ്രഞ്ചുപ്പറയൻ ആയി എന്നല്ലാതെ അവനെ ആരും പള്ളിയിലും കയറ്റിയില്ല , മക്കളെ കെട്ടിച്ചു കൊടുത്തും ഇല്ല . ഒടുവില് അവൻ പറയൻ മാക്കോതയുടെ മോളെ തന്നെ കെട്ടി .അവളുടെ പേര് മാറ്റി മറിയ എന്നാക്കി. അവൻ ചത്തിട്ടും സെമിത്തേരിയിൽ കയറ്റിയില്ല.
ഗാന്ധി നെടുമുടിയിൽ വന്നപ്പോ ഞാനും കാണാൻ പോയി. പക്ഷെ കൺഗ്രസ്സുകാരെല്ലാം നായന്മാരും മാപ്പിളമാരും ആരുന്നു .അങ്ങ് ദൂരെ നിന്ന് ഒരു മിന്നായം പോലെ കണ്ടു . ഇന്ത്യയ്ക്ക് സ്വതന്തര്യം കിട്ടുമത്രേ ,എന്നാലും പുലയന് എന്ന് സ്വതന്തര്യം കിട്ടും എന്നാണ് ഞാൻ ആലോചിച്ചത് .ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമെടാ പപ്പാ, കിട്ടുപിള്ള ഏമാൻ. എന്നിട്ടെന്താ, പുലയന് രണ്ടു കാരാമയെ കൂടുതൽ കിട്ടുമാരിക്കും ഞാൻ മനസ്സിൽ പറഞ്ഞു . സ്റ്റേറ്റ് കാഗ്രസ്സുകാര് മാടമ്പികൾക്ക് ഒപ്പം ആരുന്നു.
പാർട്ടിക്കാർ വന്നു കുട്ടനാട്ടിലെ പുലയന് ധൈര്യം ഉണ്ടായതു അപ്പോളാണ് .അവർക്കു അവരുടെ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും . പുലയന്റെയും പറയന്റെയും ഒക്കെ ശക്തി അവർക്കു വേണമായിരിക്കും . ഭീഷണിയും, മർദനവും, കുറുവടിപ്പടയും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ പുലയൻകാറ്റുപിടിച്ച കല്ലുപോലെ നിന്നു.
തമ്പ്രാന്മാർ പട്ടിണിക്കിട്ടിട്ടും ,കഞ്ഞി കുടിച്ചില്ല എങ്കിലും എല്ലുമുറിയുന്ന അധ്വാനവും, ആറ്റിലെ ഞണ്ടും , ഞവിണിയും , കരിമീനും , പാടത്തെ കാരിയും, വരാലും കാരാമയും ഒക്കെ പുലയന്റെ ശരീരത്തിന് കാരിരുമ്പിന്റെ കരുത്തു നൽകിയിരുന്നു.ആയിരം വർഷത്തെ അടിമത്വം അവന്റെ ഉള്ളിൽ തീ ആയി ജ്വലിക്കുന്നുണ്ടായിരുന്നു .
പെങ്ങളെ കെട്ടിച്ചു തന്നില്ല എങ്കിലും അവകാശങ്ങളെക്കുറിച്ചു പഠിപ്പിച്ചു. കൂലി കൂട്ടി നിശ്ചയിച്ചു. നേരം വെളുക്കുമ്പോൾ മുതൽ സൂര്യൻ അസ്തമിക്കും വരെ ജോലി എന്നത് മാറി സമയ ക്ലിപ്പ്തത ഉണ്ടായി , തമ്പ്രാന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള കഴിവ് വന്നു . തല്ലിയാൽ തിരികെ തല്ലാനുള്ള ധൈര്യം തന്നു , മക്കളെ സ്‌കൂളിൽ വിട്ടു. .
പക്ഷെ കൃഷിഭൂമി കര്ഷകന് ആയപ്പോളും പുലയന് ഒന്നും കിട്ടിയില്ല , പുലയൻ കർഷകൻ അല്ലല്ലോ, വെറും കർഷക തൊഴിലാളി മാത്രം.ഞങ്ങള് കൊയ്ത വയലൊന്നും ഞങ്ങൾക്ക് കിട്ടിയില്ല . തംബ്രാൻമാർ പോയി അവരുടെ സ്ഥാനത്തു മുതലാളിമാർ വന്നു
.
പക്ഷെ കുടികിടപ്പവകാശം കിട്ടി , മാടത്തിനു ചുറ്റും അഞ്ചുസെന്റ് കിട്ടി, പപ്പൻ അഞ്ചു സെന്റകൂടുതൽ വളച്ചു എടുത്തു . ചോദിയ്ക്കാൻ വന്ന കൊച്ചമ്പ്രാനെ തേങ്ങാപ്പാര ഓങ്ങി തല്ലാൻ ഓടിച്ചു. തേങ്ങാ ഇടാനുള്ള അവകാശം കിട്ടി, ആരുടെയും കാലു പിടിക്കാതെ കൊച്ചു മക്കൾക്ക് രണ്ടു കരിക്കിട്ടുകൊടുക്കാനുള്ള അധികാരം ഉണ്ടായി . എന്റെ മാടത്തിന്റെ മുറ്റത്തെ വാഴക്കുല ഞാൻ തന്നെ വെട്ടി.
സ്വർഗം ഒന്നും കിട്ടിയില്ല എങ്കിലും നല്ലകാലം വന്നു. അമ്പലത്തിൽ കയറി .മക്കൾക്ക് സംവരണത്തിൽ ജോലി കിട്ടി . ഒരുത്തി നേഴ്സ് ആയി, ഒരാൾ സ്‌കൂളിൽ പ്യൂൺ, ഒരാൾ വില്ലേജ് ഓഫിസിൽ .മാടത്തിൽ പട്ടിണി ഇല്ലാതായി. മക്കൾ പറമ്പു വാങ്ങി, വീടുവെച്ചു.അവരുടെ മക്കൾ നല്ല സ്‌കൂളിൽ തമ്പ്രാന്റെ കൊച്ചു മക്കൾക്കൊപ്പം പഠിച്ചു .അവരെ എടാ എന്ന് വിളിച്ചു..
മൂത്തമകൻ മണിയൻ ചേന്നങ്കരിയിൽ പത്തുപറ കണ്ടം വാങ്ങി , അതും അപ്പന്റെ പേരിൽ .ഈ ദിവസത്തിനായല്ലേ ഈ കിളവൻ ജീവിച്ചിരുന്നത് .
പാടത്തെ മുട്ടുവരെ ഉള്ള ചെളിയിൽ കിടന്നുരുണ്ടു . കൊച്ചു മക്കൾ ചോദിച്ചു അപ്പാപ്പ എന്തിനാണ് ചേറിൽ കിടന്നു ഉരുളുന്നത്..കൈലി അഴുക്കാക്കില്ലേ?.
അവർക്കു എന്ത് അറിയാം! ഈ ചെളിയിൽ എന്റെ അപ്പൻ അപ്പുപ്പന്മാരുടെ ശരീരത്തിൽ നിന്ന് ഉതിർന്നു വീണ വിയര്പ്പുണ്ട് , അമ്മുമ്മമാരുടെ കണ്ണുനീരുണ്ട്, പുക്കിൾകൊടികളിൽ നിന്ന് ഇറ്റി വീണ രക്തമുണ്ട്, ചേറിൽ ചവിട്ടി താഴ്ത്ത പ്പെട്ട പുലയന്റെ ആർത്തനാദം ഉണ്ട് , അവന്റെ അവസാന ശ്വാസം ഉണ്ട് , ഒരു നൂറു തലമുറയുടെ പക ഉണ്ട് ഉണ്ട് , ഇനിയും ഒരുപാട് ഒരു പാട് ഉണ്ട് .
ഇതൊക്കെ എന്റെ അവകാശം ആയിരുന്നു ഇന്നലെ വരെ എനിക്ക്നിഷേധിക്കപ്പെട്ടവ. ഇന്ന് ഇത് എന്റേതാണ് . എന്റെ പെലക്കള്ളി വെറ്റിലക്കറ പിടിച്ച പല്ലു കാണിച്ചു ചിരിക്കുന്നു ആകാശത്തു നിന്ന് . പപ്പാ എന്റെ പൊന്നെ ഇനി ഇങ്ങു പോന്നു കൂടെ ? ഞാൻ ഉടനെ വരാമെടി എന്റെ കണ്ടം ഒന്ന് കൊയ്‌തൊട്ടേ . നമ്മള് പണ്ട്ഒരുമിച്ചു കൊയ്ത വയല് തന്നെ ആടീ.
. കുറെ നാളായി വീടിനു പുറത്തിറങ്ങാറില്ല , പഴയ ആരോഗ്യമില്ല .
ഇപ്പോൾ പാടത്തു പണിക്കു വരുന്നത് ബംഗാളികൾ ആണത്രേ . എന്തോ പപ്പന് അങ്ങോട്ട് പിടികിട്ടുന്നില്ല , ഇവിടത്തെ പുലയന് മനുഷ്യന്റെ അവകാശങ്ങൾ പിടിച്ചു വാങ്ങി തന്ന പാർട്ടിക്കാർ ഇത്രയും നാള് ഭരിച്ചിട്ടും ബംഗാളിക്ക് എന്തുപറ്റി ?
കടപ്പാട്:- ഷാജി പണിക്കർ
From WhatsApp