പതിനാലര കോടിക്ക് അയോധ്യയില്‍ ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചൻ

പതിനാലര കോടിക്ക് അയോധ്യയില്‍ ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചൻ
മുംബൈ:അയോധ്യയില്‍ ഭൂമി സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സെവൻ സ്റ്റാര്‍ എൻക്ലേവില്‍ സ്ഥലം വാങ്ങിയതായാണ് റിപ്പോര്‍ട്ട് .
മുംബൈ ആസ്ഥാനമായ ഹൗസ് ഓഫ് അഭിനന്ദൻ ലോധയില്‍ (എച്ച്‌ഒഎബിഎല്‍) നിന്നാണ് ബച്ചൻ സ്ഥലം വാങ്ങിയത്. 14.5 കോടി രൂപയ്ക്ക് 10,000 ചതുരശ്ര അടി സ്ഥലമാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൃത്യമായ വിവരം പുറത്തുവിടാൻ കമ്ബനി തയാറായിട്ടില്ല.

അയോധ്യയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. അയോധ്യയിലെ ആത്മീയതയും സംസ്കാര സമ്ബന്നതയും അതിര്‍ത്തികള്‍ക്കപ്പുറം വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നു. ആഗോള ആത്മീയ കേന്ദ്രത്തില്‍ ഒരു വീട് നിര്‍മിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ബച്ചൻ പറഞ്ഞു. അയോധ്യയില്‍ നിന്നും നാല് മണിക്കൂര്‍ ദൂരമുള്ള പ്രയാഗ്‌രാജ് ആണ് അമിതാഭ് ബച്ചന്റെ ജന്മസ്ഥലം.

51 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന എച്ച്‌ഒഎബിഎല്ലിന്റെ സരയു പദ്ധതി അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22നാണ് ഉദ്ഘാടനം ചെയ്യുന്നത്. ക്ഷേത്രത്തില്‍ നിന്നും 15 മിനിറ്റും വിമാനത്താവളത്തില്‍ നിന്ന് അരമണിക്കൂറുമാണ് ഈ സ്ഥലത്തേക്ക് ദൂരം. 2028 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കമ്ബനി അറിയിച്ചത്. പഞ്ചനക്ഷത്ര ഹോട്ടല്‍ ഉള്‍പ്പെടെയാണ് നിര്‍മിക്കുന്നത്.