സാങ്കേതിക തകരാർ ; അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാന സർവീസ് മുടങ്ങി

ഗാന്ധിനഗര്‍: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ വിമാന സർവീസ് സാങ്കേതിക തകരാറിനെ തുടർന്ന് മുടങ്ങി. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. സംഭവത്തിൽ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
ജൂണ്‍ 12-ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. എഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. ഇതുകൂടാതെ വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.
അപകടത്തിന് പിന്നാലെ 171 എന്ന ഫ്ലൈറ്റ് നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുകയും അതിന് പകരം എഐ 159 എന്ന നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേയ്ക്ക് എയർ ഇന്ത്യയുടെ സർവീസ് ഉണ്ടായിരുന്നില്ല. അതേസമയം അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി തുടരുകയാണ്. ഇതുവരെ 135 പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.