കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ 1500 രൂപ, സംസ്കരിക്കാൻ 2000

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം.
പന്നികളെ കൊലപ്പെട്ടുത്താൻ അംഗീകൃത ഷൂട്ടർമാർരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഹോണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നാണ് നൽകിപോന്നിരുന്നത്. ഇത് പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തിയിരുന്നു.
സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘർഷം ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം പ്രതിരോധ നടപടികൾക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തുക എസ് ഡി. ആർ എഫ് ഫണ്ടിൽ നിന്ന് പഞ്ചായത്തുകൾക്ക് അനുവദിക്കാൻ തീരുമാനിച്ചത്.