'എമ്പുരാന്‍' നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളിൽ ഇഡി റെയ്ഡ്

കൊച്ചി: പ്രമുഖ വ്യവസായിയും മോഹൻലാൽ ചിത്രം എമ്പുരാന്റെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലൻ നിർമിച്ച മോഹൻലാൽ- പൃഥ്വിരാജ് സിനിമ 'എമ്പുരാൻ' 200 കോടി ക്ലബിൽ ഇടംനേടിയിരുന്നു. കളക്ഷനിൽ റെക്കോഡുകൾ തകർത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.
എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയിൽ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാർ സംഘടനകൾ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടർന്ന് നിർമാതാക്കൾ തന്നെ ഇടപെട്ട് 24 കട്ടുകൾ നടത്തിയിരുന്നു. വിവാദ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കി റീ -സെൻസറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.
ഇതിനിടെ ഗോകുലം ഗോപാലനെ ഇ.ഡി ചെന്നൈയിലേക്ക് വിളിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിനാണ് ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്. എത്രയും വേഗം ചെന്നൈയിലെ ഓഫിസിൽ എത്തണമെന്നാണ് ഇ.ഡി നൽകിയിരിക്കുന്ന നിർദേശം. ഇതേത്തുടർന്ന് ഗോകുലം ഗോപാലൻ ചെന്നൈയിലേക്ക് പുറപ്പെട്ടു.