'സ്ത്രീകള്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യരുത്'; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യു എസ്

Jun 23, 2025 - 20:01
 0  72
'സ്ത്രീകള്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യരുത്'; പൗരന്മാര്‍ക്ക്  മുന്നറിയിപ്പുമായി യു എസ്

വാഷിങ്ടണ്‍: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് അതീവ ജാഗ്രത മുന്നറിയിപ്പായ ലെവല്‍2 നിര്‍ദേശങ്ങള്‍ നല്‍കി യുഎസ്. ഇന്ത്യയില്‍ ചില ഇടങ്ങളില്‍ കുറ്റകൃത്യങ്ങളും ഭീകരവാദവും വര്‍ധിച്ചു വരുന്നതായും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പൗരന്‍മാര്‍ക്കുള്ള നിര്‍ദേശത്തില്‍ പറഞ്ഞു. ജൂണ്‍ 16-ന് പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശം ചില പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ സുരക്ഷാ കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും പറയുന്നു.

'ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാണ് ബലാത്സംഗം എന്നും ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നതായും' യുഎസ് മുന്നറിയിപ്പില്‍ പറഞ്ഞു. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

 ഒഡീഷ, ഛത്തീസ്ഗഡ്, ബംഗാള്‍ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേകാനുമതി നിര്‍ബന്ധമാക്കി.

'ഗ്രാമപ്രദേശങ്ങളിലെ യുഎസ് പൗരന്മാര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുന്നതിന് യുഎസ് സര്‍ക്കാരിന് പരിമിതമായ കഴിവേയുള്ളൂ. കിഴക്കന്‍ മഹാരാഷ്ട്ര, വടക്കന്‍ തെലങ്കാന മുതല്‍ പടിഞ്ഞാറന്‍ ബംഗാള്‍ വരെ ഈ പ്രദേശങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. അപകടസാധ്യതകള്‍ കാരണം, ഇന്ത്യയില്‍ ജോലി ചെയ്യുന്ന യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ ഈ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി നേടണം. സാറ്റലൈറ്റ് ഫോണോ ജിപിഎസ് ഉപകരണമോ കൈവശം വയ്ക്കുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. 200,00 ഡോളര്‍ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ ലഭിക്കാം.

 ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ജമ്മു കശ്മീര്‍ മേഖലയിലേക്കുള്ള യാത്രയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീകരവാദവും ആഭ്യന്തര കലാപവും കാരണം ലഡാക്ക്, ലേ ഒഴികെയുള്ളിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി.