വിവേകപൂർവം തേടണം പഠനവും ജോലിയും

Sep 22, 2024 - 11:30
 0  69
വിവേകപൂർവം തേടണം പഠനവും ജോലിയും

എബ്രഹാം കുര്യൻ

സൂക്ഷിച്ചു നോക്കണം!

 കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വന്ന വാർത്ത.
ഒരു ഓഫീസിൽ ഡ്രൈവർ മുതലുള്ളവർ പ്രൊഫഷനൽ ബിരുദമുള്ള
വരാണത്രേ!  

അവരുടെ നിറ ചിരി കണ്ട് കൊടുമൺ പോറ്റി മൗനിയായി!


സ്പേസ് യാത്ര ചെയ്യാൻ ഒട്ടും താല്പര്യമില്ലാത്ത കുറെപ്പേരെ, ആരുടെയൊക്കെയോ താല്പര്യത്തിനനുസരിച്ച് മൂക്കുകയറും മുപ്പട്ടയമിടീപ്പിച്ച്
 ലക്ഷക്കണക്കിന് രൂപ മുടക്കി പരിശീലനവും നൽകി മോട്ടിവേഷനും കൊടുത്ത്,
 തല്ലിച്ചതച്ച് പഴുപ്പിച്ച് ഉന്തി തള്ളിവിടുന്നു. സ്പേസ് യാത്രയ്ക്ക് പോകേണ്ടവർ
 കോട്ടയം നാഗമ്പടം ബസ്സ്റ്റാൻ്റിൽ എത്തി, ലോകം കീഴടക്കിയ മട്ടിൽ
 നമ്മെ നോക്കി പുഞ്ചിരി തൂകുന്നു. 
അവർ ഹാപ്പിയാണത്രേ.

ഒരുത്തൻ റബർ കുഴിച്ചു വെച്ച് പത്തു രൂപാ ഉണ്ടാക്കിയാൽ മലയാളി  മുഴുവൻ കപ്പയും ചേനയും വാഴയും വെട്ടി  റബർ വെക്കും.
പിന്നെ ഒരുത്തൻ കൊക്കോ വെച്ച് നന്നായാൽ എല്ലാവരും റബർമരം വെട്ടിക്കളഞ്ഞ് കൊക്കോ വെക്കും.

നഴ്സിംഗ് പഠിച്ച് ഒരാൾ അയർലണ്ടിൽ പോയി രക്ഷപ്പെട്ടാൽ 
പിന്നെ എല്ലാവരും നഴ്സിംഗ്.
ഒരുത്തൻ ബീ.ടെക്ക് എടുത്താൽ മുഴുവൻ പേരും ബീ.ടെക്ക്.

ഇതാണ് മലയാളിയുടെ വിദ്യാഭ്യാസ സങ്കല്പം.

 ദീർഘവീക്ഷണമില്ലാത്ത നേതാക്കളുണ്ടാക്കിയ ഇരുന്നൂറോളം എഞ്ചിനിയറിംഗ് കോളജുകൾ പോലെ എത്രയോ  സങ്കല്പങ്ങൾ!!!


ഏത് വിഷയം പഠിക്കണം?  
ഏത് കലാലയം?  
അത് പഠിച്ചാൽ നാളെ ജോലിയുണ്ടോ? 
ആ ജോലി ചെയ്യാൻ  താല്പര്യവും 
ജോബ് സ്കില്ലും ഉണ്ടോ?

 ഇതൊന്നും പരിശോധിക്കാതെ ആരെങ്കിലും രക്ഷപ്പെട്ടത് കണ്ട് അതിൻ്റെ പിറകെ പായും.
അവസാനം കുട്ടനാട് ഓഫീസിലെത്തും.
ഒട്ടും മോശമല്ലത്.
പക്ഷേ ആ രീതിയിലുള്ള സർക്കാർ ജോലി ഇഷ്ടപ്പെടുന്നവർ, അതിനുള്ള സ്കില്ലുള്ളവർ, പൊതുസേവന മനോഭാവം ഉള്ളവർ പ്രൊഫ. ടോമി ചെറിയാൻ സാറിൻ്റെ പാലായിലുള്ള 
കരിയർ ഡ്രീം എന്ന സൂപ്പർ കോളജിലാണ് പഠിച്ച് പരിശീലനം നേടേണ്ടത്. 

എത്രയോ പണം? വിഭവങ്ങൾ? വിദഗ്ധരുടെ കഴിവും സമയവും? 
എത്രയോ പേരുടെ അവസരങ്ങൾ?
 സാധ്യതകൾ? 
..തുടങ്ങി എത്ര കാര്യങ്ങളാണ് പാഴായി പോയത്!


ഏഴാം ക്ലാസ്സിലെത്തുമ്പോൾ തന്നെ,
 ഒരു കുട്ടിയുടെ മൾട്ടിപ്പ്ൾ ഇൻ്റലിജൻസ് ചെക്ക് ചെയ്ത്  സ്വന്തം ഇൻ്റലിജൻസുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അതിന് അനുസരിച്ച് പഠനം നീക്കണം.
പത്താം ക്ലാസ്സിലെത്തുമ്പോൾ  സ്ട്രീം സെലക്ഷനായി ടെസ്റ്റ് നടത്തണം.
ഓരോ കുട്ടിയുടേയും തെരഞ്ഞെടുക്കാവുന്ന വിഷയങ്ങളിലെ aptitude ,intrest
എന്നിവയും  പഠിക്കുന്ന വിഷയത്തിനനുസരിച്ചുള്ള ജോലികൾ ചെയ്യാനുള്ള ജോബ്സ്കിൽ ഉണ്ടോ എന്നും മുൻകൂട്ടി പരിശോധിക്കണം.  

  അതിന് സഹായകമായ ടെസ്റ്റ് എഴുതണം.
ഈ വിഷയത്തിൽ വലിയ ഗവേഷണം നടത്തി വിജയിച്ച 
ടെസ്റ്റ് രീതികളുണ്ട്. അത് വേണം എഴുതാൻ.
ആ ടെസ്റ്റിൻ്റെ റിസൽട്ട് വെച്ച് കുട്ടിയും മാതാപിതാക്കളും കൂടിയിരുന്ന് 
ഒരു expert- ൻ്റെ കൗൺലിംഗും ഗൈഡൻസും തേടണം.

ഗൂഗിളിൽ കിടക്കുന്ന പത്തു ചോദ്യത്തിന് ഉത്തരമെഴുതി 
സ്വയം ചികിത്സ തേടുന്നതും തട്ടിക്കൂട്ടുകാരുടെ ടെസ്റ്റ് എഴുതി മൾട്ടികളറിലുള്ള റിസൽട്ടും വാങ്ങി മുറിവൈദ്യൻമാരുടെ ഉപദേശം സ്വീകരിക്കുന്നതും അപകടമാണ്. 

പുതിയ കാലത്ത് പല തൊഴിലുകളും ഇല്ലാതാകുകയാണ്.
പുതിയവ വരുന്നു. 
കുട്ടി പഠിച്ചു പുറത്തിറങ്ങുമ്പോൾ സാധ്യതയുള്ള 
ജോബ് ലൈഫുകളിലേക്ക് ഗൈഡ് ചെയ്യാൻ വരം ലഭിച്ച എക്സ്പേർട്ടുകൾ കേരളത്തിലും ഇന്ത്യയിലും ഉണ്ട്. ഡയഗണൈസ് ചെയ്യാനും അനലൈസ് ചെയ്യാനും കഴിവുള്ളവരെ തന്നെ കാണണം.

കേരളത്തിലും ഇന്ത്യയിലും സർക്കാർ - സ്വകാര്യ മേഖലകളിൽ സൂപ്പർ കോളജുകളും സ്ഥാപനങ്ങളുമുണ്ട്.തൊഴിൽ മേഖലകളുണ്ട്.
Edueprenuership ൽ ഏഷ്യയിലെ ഏറ്റവും മികച്ച Start up Hub ആണ് കേരളം. ബിരുദാനന്തര - ഗവേഷണ രംഗത്ത് വിദേശ രാജ്യങ്ങളിലെ ഒന്നാംനിര യൂണിവേഴ്സിറ്റികളെ ആവശ്യമെങ്കിൽ വിവേകപൂർവം തെരഞ്ഞെടുക്കണം.

പത്താം ക്ലാസ്സ് കഴിഞ്ഞാൽ വിദേശത്ത് പഠിച്ചാലേ കാര്യമുള്ളൂ എന്ന ചിന്തയോടെ കിടപ്പാടം പണയം വെച്ച് വലിയ പണം മുടക്കി " യൂണിവേഴ്സിറ്റി ഓഫ് കുമ്പനാട് " പോലെയുള്ള ഉടായിപ്പ് യൂണിവേഴ്സിറ്റികളിൽ പോകാൻ വെള്ളമൂറി നിൽക്കുന്നവരും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

അനന്ത സാധ്യതകളുടെ പുത്തൻ കാലത്ത് ഒരിത്തിരി വിവേകം ഉണ്ടായാൽ വ്യാഖ്യാനിച്ചാലും വ്യാഖ്യാനിച്ചാലും തീരാത്ത ചിരി ഒഴിവാക്കാം.


Living leaf views paper.
Abraham Kurien.