റിപ്പോ നിരക്ക് കുറച്ച് ആർബിഐ; ഭവന-വാഹന, വ്യക്തിഗത വായ്‌പ പലിശ കുറയും

മുംബൈ: റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം കുറച്ച് ആറ് ശതമാനമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് ആർബിഐ നിരക്ക് കുറയ്ക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.70 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ആർബിഐ നിരക്ക് കുറച്ച സാഹചര്യത്തിൽ വായ്‌പ നിക്ഷേപ നിരക്കുകൾ കുറയും. ഭവന-വാഹന, വ്യക്തിഗത വായ്‌പ പലിശ കുറയും. ഭവന, വ്യക്തിഗത വായ്പകളുടെ ഇഎംഐകൾ കുറയുന്നത് വായ്പക്കാർക്ക് ആശ്വാസകരമാകും. ബാങ്ക് നിക്ഷേപ പലിശയും കുറയും. രാജ്യത്തിന്റെ വളർച്ചാ നിരക്ക് നടപ്പുവർഷം ആറര ശതമാനമാണെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിർത്താൻ ആർബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ട്.