കണ്ണൂരിലെ 'കെയ്‌റോസ് ' വീട്ടിൽ നിന്ന് ഒന്നിച്ച് സ്കൂളിലേക്ക് പോയത് ഒൻപത് മക്കൾ; വീട്ടിൽ ഇനി ഒരാൾ കൂടിയുണ്ട്

Jun 4, 2025 - 18:59
Jun 4, 2025 - 19:00
 0  145
കണ്ണൂരിലെ  'കെയ്‌റോസ് '  വീട്ടിൽ നിന്ന് ഒന്നിച്ച് സ്കൂളിലേക്ക് പോയത് ഒൻപത് മക്കൾ;  വീട്ടിൽ ഇനി ഒരാൾ കൂടിയുണ്ട്

കണ്ണൂർ: പോടൂർ സന്തോഷ്- രമ്യ ദമ്പതികളുടെ പത്ത് മക്കളിൽ ഒൻപത് പേർ ഒന്നിച്ച് വിദ്യാലയങ്ങളിലേക്ക് എത്തിയത് കൗതുക കാഴ്ചയായി.  മക്കളെ വളർത്താനെന്നല്ല വിവാഹം കഴിക്കാൻ പോലും മലയാളി യുവ തലമുറ മടി കാണിക്കുമ്പോഴാണ്  കണ്ണൂരിലെ പോടൂർ സ്വദേശികളായ   സന്തോഷും (44) യും രമ്യ (37) യും  പത്ത് മക്കളുമായി മാതൃകയാവുന്നത് . ഇവരുടെ പത്ത് മക്കളിൽ ഒൻപത് പേരും കഴിഞ്ഞ ദിവസം സ്കൂളുകളിൽ എത്തി. 37  വയസിനിടയിൽ പത്ത് മക്കളെ പ്രസവിച്ച   രമ്യ പറയുന്നു  "ദൈവത്തിന്റെ ദാനങ്ങൾ നിരസിക്കുന്നത് പാപമാണെന്ന്''.

കണ്ണൂർ തലക്കാനിയിലെ 'കെയ്‌റോസ്' വീട്ടിൽ കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ്  വരെയുള്ള വിദ്യാർത്ഥികളുണ്ട്.  ദിവസവും രാവിലെ, എല്ലാ കുട്ടികളും ഒരുമിച്ച് വീട്ടിൽ നിന്ന്  സ്കൂളുകളിലേക്ക് ഇറങ്ങും. വൈകുന്നേരം  അവർ തിരിച്ചെത്തുന്നതോടെ, 'കെയ്‌റോസ് വീട്' വീണ്ടും കളിചിരികളിലേക്ക് ഉണരും.  

സന്തോഷ്- രമ്യ  ദമ്പതികൾക്ക് എട്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ്. ഇളയ കുട്ടിക്ക് മൂന്ന് മാസം മാത്രം പ്രായമേയുള്ളൂ. കണ്ണൂരിലെ പ്രമുഖ കമ്പനിയായ കെയ്‌റോസ് റൂഫിംഗ് ആൻഡ് സെറാമിക്സ് ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഉടമയാണ് സന്തോഷ്.

മൂത്ത മകൾ ആൽഫിയ ലിസ്ഫത്ത് കൊട്ടിയൂർ ഐ‍ജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയ ഇതേ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു. മൂന്നാമത്തെ മകൾ‍ ആൻ ക്ലെറിൻ ഇവിടെ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. ഇതിന് താഴെയുള്ള അസിൻ തെരേസ് ആറിലും ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലുമാണ് പഠിക്കുന്നത്. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്. ഇവരുടെ ഇളയ ഇരട്ട സഹോദരിമാരായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലാണ് പോകുന്നത്.

സന്തോഷും ഭാര്യ രമ്യയും കുട്ടികൾക്കൊപ്പം


ജൂൺ മാസത്തിൽ, രാവിലെ 5 മണി മുതൽ ഈ വീട്ടിലെ അടുക്കള പതുക്കെ സജീവമാകും. രമ്യയും കുട്ടികളുടെ മുത്തശ്ശി ഏലിക്കുട്ടിയും പുലർച്ചെ പാചകം തുടങ്ങും. ഛത്തീസ്ഗഢ് സ്വദേശിനിയായ അഞ്ജിത സഹായത്തിനുണ്ട്. കുട്ടികളുടെ നാനി കൂടിയാണ് അഞ്ജിത. രാവിലെ 7 മണിക്ക് പ്രഭാതഭക്ഷണം തയ്യാറാണ്, ഉച്ചഭക്ഷണം ഒമ്പത് പ്രത്യേക ലഞ്ച് ബോക്സുകളിൽ   പായ്ക്ക് ചെയ്യും.  രാവിലെ 8:30 ന് സ്കൂൾ ബസ്  വീടിന് മുന്നിൽ എത്തും.

ഇത്രയധികം കുട്ടികളുണ്ടാകുന്നതിൽ നെറ്റി ചുളിക്കുന്നവരോട്, ദമ്പതികൾ പുഞ്ചിരിച്ചുകൊണ്ട് പറയുന്നു , "ദൈവത്തിന്റെ ദാനങ്ങൾ നിരസിക്കുന്നത് പാപമാണ്. ഞങ്ങളുടെ കുട്ടികൾ വളർന്നപ്പോൾ, ഞങ്ങളുടെ ബിസിനസും അഭിവൃദ്ധിപ്പെട്ടു."