വെറുപ്പോ വിദ്വേഷമോ അല്ല, ക്ഷേത്രം പൂര്‍ത്തിയാകും മുൻപ് പ്രതിഷ്ഠാ ചടങ്ങ് ; പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യൻമാര്‍

വെറുപ്പോ വിദ്വേഷമോ അല്ല, ക്ഷേത്രം പൂര്‍ത്തിയാകും മുൻപ് പ്രതിഷ്ഠാ ചടങ്ങ് ; പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യൻമാര്‍

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ് സരസ്വതി .

രാജ്യത്തെ നാല് മഠങ്ങളിലെയും ശങ്കരാചാര്യൻമാരോ പുരോഹിതരോ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുൻപാണ് പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതെന്നും ഇത് ശാസ്ത്രങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം.

'നാല് ശങ്കരാചാര്യന്മാര്‍ കൈക്കൊണ്ട തീരുമാനത്തെ മോദി വിരുദ്ധത ആയി കണക്കാക്കേണ്ടതില്ല. തങ്ങള്‍ക്ക് ശാസ്ത്ര വിരുദ്ധത അംഗീകരിക്കാൻ ആകില്ല', എന്നാണ് അവിമുക്തേശ്വരാനന്ദ് സരസ്വതി വീഡിയോയില്‍ പറയുന്നത്.

ചടങ്ങിന് പോകാത്തതിന്റെ കാരണം ഏതെങ്കിലും വെറുപ്പോ വിദ്വേഷമോ അല്ല, മറിച്ച്‌ ശാസ്ത്രവിധി പിന്തുടരുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ശങ്കരാചാര്യരുടെ കടമയായതുകൊണ്ടാണ്. ഇവിടെ ശാസ്ത്രവിധി അവഗണിക്കപ്പെടുകയാണ്. ക്ഷേത്രം അപൂര്‍ണ്ണമായിരിക്കെയാണ് പ്രാണ പ്രതിഷ്ഠ നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത് പറഞ്ഞാല്‍ ‌ഞങ്ങളെ മോദി വിരുദ്ധര്‍ ആക്കും. ശരിക്കും എന്താണ് മോദി വിരുദ്ധത?', അദ്ദേഹം ചോദിച്ചു.

പുരി ഗോവര്‍ദ്ധൻ മഠാധിപതി നിശ്ചലാനന്ദ സരസ്വതി ചടങ്ങ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് ജ്യോതിര്‍മഠം ശങ്കരാചാര്യരും നിലപാട് വ്യക്തമാക്കിയത്. ' ഞാൻ അവിടെ എന്താണ് ചെയ്യേണ്ടത്.മോദിജി ഉദ്ഘാടനം ചെയ്യുകയും വിഗ്രഹം സ്പര്‍ശിക്കുകയും ചെയ്യുമ്ബോള്‍ ഞാൻ അവിടെ നിന്ന് കൈയ്യടിക്കണോ? എനിക്ക് ക്രെഡിറ്റ് വേണ്ട. എന്നാല്‍ ശങ്കരാചാര്യന്മാര്‍ അവിടെ (പ്രതിഷ്ഠാവേളയില്‍) എന്തു ചെയ്യും?" ,എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.മോദി മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് ആരോപിച്ചെങ്കിലും അയോധ്യയോട് തനിക്ക് വെറുപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇത് അഹങ്കാരമല്ല. എന്നാല്‍ എന്റെ സ്ഥാനത്തിന്റെ അന്തസ്സിനെക്കുറിച്ച്‌ എനിക്ക് ബോധമുണ്ട്, അതിനാലാണ് ഞാൻ പോകുന്നില്ലെന്ന് വ്യക്തമാക്കിയത്. ഒരാളെ കൂടെ കൊണ്ട് വരാം എന്ന് പറയുന്ന ക്ഷണം എനിക്ക് ലഭിച്ചു. ഞാൻ എന്തിനാണ് ഒരാളെ കൂട്ടിക്കൊണ്ടുവരേണ്ടത്?', അദ്ദേഹം ചോദിച്ചു. അതിനിടെ കഴിഞ്ഞ ദിവസം അയോധ്യ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 22 ഉച്ചയ്ക്ക് 12.20നാണ് പ്രാണ്‍ പ്രതിഷ്ഠാച്ചടങ്ങ്.